
ലളിത കലാ അക്കാദമി സംസ്ഥാന ദൃശ്യകല പ്രദര്‍ശനത്തിന് തുടക്കമായി
- ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
- മന്ത്രിയും മറ്റു വിശിഷ്ടാതിഥികളും ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങളും സമ്മാനിച്ചു
- 271 കലാകാരരുടെ 374 കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിന്
- പ്രദര്‍ശനം നാലു വേദികളില്‍
പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.
കൊച്ചി: ഈ കാലഘട്ടം വല്ലാത്ത ആകുലതകളുടേതാണെന്നും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ കലാകാരന്മാരുടെ ഉത്തരവാദിത്തം വര്‍ധിക്കുകയാണെന്നും സംസ്ഥാന വ്യവസായ, തൊഴില്‍, കയര്‍ വകുപ്പുമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിലും മറ്റ് മൂന്നിടങ്ങളിലുമായി കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത്. എന്നാല്‍ നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയില്‍ ഇത് ദൈവനാമത്തില്‍ എന്ന് ഭേദഗതി ചെയ്യണമെന്ന് എച്ച് വി കമ്മത്ത് വാദമുന്നയിച്ചു. സഭ അത് 68നെതിരെ 41 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ രാജ്യത്തെ ഒരു മതേതരറിപ്പബ്ലിക്കായാണ് അങ്ങനെ വിഭാവനം ചെയ്തത്. എന്നാല്‍ ഇന്ന് നമ്മുടെ ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് മന്ത്രി പറഞ്ഞു. ടി ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി പി രാജീവ്, ടി ജെ വിനോദ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ തുടങ്ങിയവര്‍ അക്കാദമി ഏര്‍പ്പെടുത്തിയ അക്കാദമിയുടെ ഫെല്ലോഷിപ്പുകളും സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങളും വിജയികള്‍ക്ക് കൈമാറി.
271 കലാകാരരുടെ 374 കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രം, ഫോര്‍ട്ട് കൊച്ചി പെപ്പര്‍ ഹൗസ്, കോഴിക്കോട് അക്കാദമി ആര്‍ട്ട് ഗാലറി, കായംകുളം ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം & ആര്‍ട്ട് ഗാലറി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്. 861 കലാകാരരുടെ 3519 സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദര്‍ശനത്തിനുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി രാജീവ് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ അഭാവത്തില്‍ മകന്‍ ദേവന്‍ ആദരം ഏറ്റുവാങ്ങി. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തിവരുന്ന മലയാളിയായ പ്രഭാവതി മേപ്പയില്‍, വഡോദരയിലും ലണ്ടനിലുമായി കലാപ്രവര്‍ത്തനം തുടരുന്ന തിരുവനന്തപുരം സ്വദേശിയായ ഷിബു നടേശന്‍ എന്നിവര്‍ക്ക് അക്കാദമി ഫെലോഷിപ്പുകള്‍ സമ്മാനിച്ചു. ഇരുവരും നിരവധി അന്തരാഷ്ട്ര കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സംസ്ഥാന പുരസ്‌കാരജേതാക്കള്‍: ആമീന്‍ ഖലീല്‍, പ്രകാശന്‍ കെ എസ്, ഷാന്‍ കെ ആര്‍, ശ്രീജ പള്ളം, ശ്രീനാഥ് കെ എസ് (ചിത്രം, ശില്‍പം, ന്യൂ മീഡിയ, ഡ്രോയിങ്ങ്); അനു ജോണ്‍ ഡേവിഡ് (ഫോട്ടോഗ്രഫി); കെ ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍).
ഓറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം: അമ്മു എസ്., ഹെല്‍ന മെറിന്‍ ജോസഫ്, മിബിന്‍, മുഹമ്മദ് യാസിര്‍, റോബര്‍ട്ട് വി ജെ, ഡി മനോജ്, മധുസൂദനന്‍, ശിവ.
വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍: സാറാ ഹുസൈന്‍. വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍: വിനോദ്കുമാര്‍ കെ എന്‍. കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍: അഭിജിത്ത് ഉദയന്‍, ്അഞ്ചലോ ലോയ്, ഹെലന്‍ പി എസ്, കാവ്യ എസ് നാഥ്, കിരണ്‍ ഇ വി എസ്. സ്‌പെഷ്യല് ജൂറി അവാര്‍ഡ്: അബ്ദുള്ള പി എ, അനില്‍ ദയാനന്ദ്, പ്രവീണ്‍ പ്രസന്നന്‍, സുധീഷ് കോട്ടേമ്പ്രം. രാജന്‍ എം കൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്: വിവേക് ടി സി.
എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണനു നല്‍കിയ സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ കെ ജനാര്‍ദ്ദന്‍ പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശനം ചെയ്തു. കൊച്ചി മേയര്‍ അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളആയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.
ചടങ്ങിനു മുന്നോടിയായി വൈകിട്ട് 4 മണിക്ക് ആര്‍ എല്‍ വി വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ പഞ്ചാരിമേളവും ചടങ്ങിനോടനുബന്ധിച്ച് 6 മണിക്ക് ശങ്ക ട്രൈബ് അവതരിപ്പിക്കുന്ന സംഗീതപരിപാടിയും നടന്നു.
പ്രദര്‍ശനം ജൂണ്‍ 28 വരെ നീണ്ടുനില്‍ക്കും.