തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  മലയാളിയായ ഒരു കേന്ദ്രമന്ത്രി കേരളത്തിന്റെ ആരാച്ചാരെപ്പോലെ പെരുമാറി സന്തോഷത്തോടെ തുള്ളിച്ചാടുകയാണെന്ന് വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി ഇടപെട്ട് മുന്നോട്ട് പോകേണ്ട വ്യക്തി തന്നെ ജനങ്ങളെ പ്രയാസത്തിലേക്ക് തള്ളിവിടാൻ കൂട്ടു നിൽക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾ–

‘വായ്‌പാ പരിധി വെട്ടിക്കുറക്കുന്നതിൽ ഒരു മനുഷ്യനും സന്തോഷിക്കില്ല. മലയാളിക്ക് മാത്രമല്ല, ഒരാൾക്കും സന്തോഷത്തിന് വക നൽകുന്ന കാര്യമല്ല ഒരു സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറക്കുന്നത്. സംസ്ഥാനത്തിന്റെ അവകാശമാണിത്. അങ്ങനെയുള്ള ഒരു വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി സന്തോഷിക്കുക. അതും ഒരു മലയാളി. അത് വല്ലാത്തൊരു മാനികാവസ്ഥ തന്നെയാണ്. 8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32,000 കോടി രൂപയാണ് നമ്മൾ ആവശ്യപ്പെട്ടത്. ഇരുപത്തിമൂവായിരത്തോളം  ഉണ്ടായിരുന്നത് ഇപ്പോൾ 15,000 കോടിയിലേക്കെത്തി. ഇതിൽ മലയാളിയായ ഒരു കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിച്ചാടുകയാണ്. കേരളത്തിന്റെ ആരാച്ചാരെപ്പോലെയാണ് അദ്ദേഹം പെരുമാറിക്കൊണ്ടിരിക്കുന്നത്. 

യഥാർത്ഥത്തിൽ സംസ്ഥാനത്തിനു വേണ്ടി ഇടപെട്ട് മുന്നോട്ടു പോകേണ്ട വ്യക്തിയല്ലേ അദ്ദേഹം. കേന്ദ്രസർക്കാരിൽ അദ്ദേഹത്തിനുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഒരു നീക്കത്തെ ഇല്ലാതാക്കാൻ ശ്രമിക്കണ്ടേ? എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെയും ഇത് ബാധിക്കാൻ പോകുവല്ലേ. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ ഒരു മലയാളിയായ കേന്ദ്രമന്ത്രി തുള്ളിച്ചാടരുതല്ലോ? കേരളത്തിന്റെ ആരാച്ചാറിനെ പോലെ കേന്ദ്രമന്ത്രി  പെരുമാറുന്നത് ദൗർഭാഗ്യകരമാണ്.’

LEAVE A REPLY

Please enter your comment!
Please enter your name here