തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. എല്ലാവർഷവും ജൂൺ ആദ്യം ആരംഭിക്കുന്ന കാലവർഷം ഇത്തവണ അല്പം വൈകിയാണ് എത്തിയത്. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ഇടങ്ങളില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചത്. ലക്ഷദ്വീപിന് മുകളിൽ ഇന്നലെ മൺസൂൺ മഴമേഘങ്ങൾ എത്തിയെങ്കിലും ബിപോർജോയ് ചുഴലിക്കാറ്റ് കാരണം മുന്നേറാനാകാതെ നിൽക്കുകയായിരുന്നു. ചുഴലിക്കാറ്റ് അറബിക്കടലിൽ നിന്ന് വടക്കോട്ട് ഗതിമാറിയതോടെയാണ് കാലവർഷം കേരളത്തിലേക്ക് നീങ്ങിത്തുടങ്ങിയത്.

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

09-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍
10-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
11-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
12-06-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here