കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ മാനേജ്മെന്റിന് പങ്കില്ലെന്ന് ബോധപൂർവം വരുത്തിതീർക്കാനുള്ള ശ്രമം നടക്കുന്നതായി കുടുംബാംഗങ്ങൾ. ശ്രദ്ധയുടെ ആത്മഹത്യാക്കുറിപ്പ് എന്ന തരത്തിൽ പൊലീസ് ഉയർത്തിക്കാട്ടിയ തെളിവ് കുടുംബം തള്ളി.

2022-ൽ ശ്രദ്ധ സ്നാപ്‌ചാറ്റിൽ പങ്കുവെച്ച് കുറിപ്പാണ് കോട്ടയം എസ് പി ആത്മഹത്യാക്കുറിപ്പെന്ന രീതിയിൽ പ്രദർശിപ്പിച്ചതെന്ന് സഹോദരൻ അറിയിച്ചു. ശ്രദ്ധ സമൂഹമാദ്ധ്യമത്തിലൂടെ നേരത്തെ പങ്കുവെച്ച കുറിപ്പ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണ് പൊലീസ് ചെയ്തെന്നും മാനേജ്മെന്റിനെ സഹായിക്കാനാണ് നീക്കമെന്നും കുടുംബം ആരോപിച്ചു.

ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങളില്ലെന്ന് വരുത്തിതീർക്കാനാണ് നിലവിലെ ശ്രമം. ശ്രദ്ധയെ അപകീർത്തിപ്പെടുക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം. സംഭവത്തെത്തുടർന്നുണ്ടായ സമരത്തെ വർഗീയവത്കരിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്നും കുടുംബം ചൂണ്ടിക്കാട്ടി. കേസന്വേഷണത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ല. എച്ച്ഒഡിയെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നില്ല. ഒരു ക്രൈംബ്രാഞ്ചിലും വിശ്വാസമില്ല. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകാനാണ് തീരുമാനം. കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്നും ശ്രദ്ധയുടെ പിതാവടക്കം അറിയിച്ചു.

അതേസമയം ശ്രദ്ധ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ് പിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും അന്വേഷിക്കുക. ആരോപണ വിധേയർക്കെതിരെ ഇപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്നും അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here