കന്യാകുമാരി: അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ തന്നെ തുടരുന്നതായി വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകര്‍ അറിയിച്ചു.

ചിന്നക്കനാലില്‍ വെച്ചുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയിലേക്ക് ആന എത്തിയിട്ടില്ല. പഴയ ആരോഗ്യസ്ഥിതിയില്‍ ഒരു ദിവസം പതിനഞ്ചു മുതല്‍ ഇരുപത് കിലോമീറ്റർവരെ അരിക്കൊമ്പന്‍ സഞ്ചരിക്കാറുണ്ട്. എന്നാല്‍, ശനിയാഴ്ച ആറു കിലോമീറ്റര്‍ മാത്രമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. അപ്പര്‍ കോതയാറിന്റെ തെക്കന്‍ ദിശയിലേക്കായിരുന്നു അരിക്കൊമ്പന്‍ സഞ്ചരിച്ചത് എന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ജനവാസ മേഖലയിലേക്ക് പെട്ടെന്ന് അരിക്കൊമ്പന്‍ എത്താന്‍ സാധ്യതയില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിരീക്ഷണം. കന്യാകുമാരിക്ക് സമീപമുള്ള ജനവാസ മേഖലയിലേക്കോ കേരളത്തിലെ പൊന്മുടിയടക്കമുള്ള മേഖലയിലേക്കോ അരിക്കൊമ്പന്‍ കടക്കാതിരിക്കാനുള്ള നടപടികള്‍ തമിഴ്‌നാട് വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. അമ്പതംഗ ദൗത്യസംഘത്തെ വനംവകുപ്പ് ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആളുകളുമായി അടുത്തിടപഴകി പരിചയമുള്ള ആനയായതിനാല്‍ ജനവാസമേഖലയിലേക്ക് എത്തിപ്പെട്ടാല്‍ അരിക്കൊമ്പനെ തിരികെ കൊണ്ടു വരിക എന്നത് ദുഷ്‌കരമായ ദൗത്യമാകും. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് തമിഴ്‌നാട് വനംവകുപ്പ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നു വിട്ടപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനത്തിലേക്ക് കടന്നത്. കോതയാര്‍ ഡാമിനു സമീപം നിലയുറപ്പിച്ച അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്നല്‍ നഷ്ടമായത് ആശങ്ക സൃഷ്ടിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച രാത്രിയോടെ സിഗ്നല്‍ ലഭിച്ചപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരിയിലെ വനമേഖലയിലേക്ക് കടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here