ചിക്കൻ വിഭവം ഉണ്ടാക്കാമെന്ന് ആലോചിക്കുമ്പോൾ തന്നെ മിക്കവരുടെയും മനസിൽ ആദ്യം വരുന്നത് ചിക്കൻ കറിയോ ഫ്രൈയോ ആയിരിക്കും. എന്നാൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ചിക്കൻ സ്റ്റ്യൂ എത്രപേർ വീട്ടിൽ തയ്യാറാക്കാറുണ്ട്? തെക്കൻ കേരളത്തിൽ അധികം പരീക്ഷിച്ചുകാണാത്ത ചിക്കൻ സ്റ്റ്യൂ എങ്ങനെയുണ്ടാക്കാമെന്ന് നോക്കിയാലോ?

അപ്പം, ഇടിയപ്പം, ചപ്പാത്തി, പുട്ട്, പൊറോട്ട എന്നിങ്ങനെ മിക്കവാറും എല്ലാ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങൾക്കുമൊപ്പം കഴിക്കാൻ കഴിയുന്ന ബെസ്റ്റ് കോംബിനേഷനാണ് ചിക്കൻ സ്റ്റ്യൂ. ഇത് തയ്യാറാക്കാനായി ആദ്യം പാൻ അടുപ്പത്ത് വച്ച് മൂന്ന് ടേബിൾ സ്‌പൂൺ എണ്ണൊഴിച്ച് ചൂടാക്കണം. നന്നായി ചൂടായി വരുന്നതിനുമുൻപ് തന്നെ മൂന്ന് കറുവാപ്പട്ട, അഞ്ച് ഏലയ്ക്ക, ആറ് ഗ്രാമ്പൂ എന്നിവ എണ്ണയിലിട്ട് വറുക്കണം. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു കഷ്ണം ഇഞ്ചി, ആറു വെളുത്തുള്ളി അല്ലി, അഞ്ച് പച്ചമുളക് എന്നിവ അരിഞ്ഞത് പത്ത് സെക്കന്റ് നേരം എണ്ണയിൽ ഇളക്കണം. അടുത്തതായി ഒരു സവാള അരിഞ്ഞതും അര ടീസ്‌പൂൺ ഉപ്പും ചേർത്ത് നന്നായി വഴറ്റണം.

ഇതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ അരക്കിലോ ചിക്കൻ, അര ടേബിൾ സ്‌പൂൺ നാരങ്ങാനീര്, മുക്കാൽ ടീസ്‌പൂൺ ഉപ്പ് എന്നിവ ചേർത്ത് തീ ഹൈഫ്ളെയിമിൽ ഇട്ട് അഞ്ചുമിനിട്ട് നേരത്തേയ്ക്ക് ഇളക്കണം. ഇതിലേയ്ക്ക് ഒരു ഉരുളക്കിഴഞ്ഞ് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത്, കാരറ്റ് കഷ്ണങ്ങളാക്കിയത്, കുറച്ച് കറിവേപ്പില, രണ്ട് കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് തിളക്കാൻ വയ്ക്കണം. ഇനി ഇത് പന്ത്രണ്ട് മിനിട്ട് നേരത്തേയ്ക്ക് വേവിക്കണം. മൂന്നോ നാലോ കഷ്ണം ഉരുളക്കിഴങ്ങ് ഗ്രേവിയിലുള്ളത് ഉടച്ചെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ഗ്രേവി തിക്ക് ആകും.

അടുത്തതായി അര ടീസ്‌പൂൺ ചതച്ച കുരുമുളക്, അര ടീസ്‌പൂൺ ഗരം മസാല എന്നിവ ചേർത്ത് ഇളക്കി ഒരു മിനിട്ട് നേരത്തേയ്ക്ക് ഇളക്കണം. ഇനി ഇതിലേയ്ക്ക് മുക്കാൽ കപ്പ് ഒന്നാം പാൽ ചേർക്കണം. ഇത് ചെറുതായി ചൂടായി വരുമ്പോൾ തിളക്കുന്നതിന് മുൻപ് തന്നെ ഫ്ളെയിം ഓഫ് ചെയ്യണം. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാല് ചെറിയ ഉള്ളി അരിഞ്ഞത്, അൽപ്പം കറിവേപ്പില എന്നിവ വഴറ്റിയെടുക്കണം. ചെറിയ ഉള്ളി ബ്രൗൺ നിറമാകുമ്പോൾ സ്റ്റ്യൂവിലേയ്ക്ക് ചേർത്ത് ഇളക്കാതെ പത്തുമിനിട്ട് അടച്ചുവയ്ക്കണം. ചൂട് ആറിക്കഴിഞ്ഞ് കഴിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here