കൊച്ചി: സിഐടിയു നേതാവിന്റെ മിനികൂപ്പര്‍ വിവാദത്തില്‍ കടുത്ത നടപടിയെടുത്തും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിലെ വീഴ്ചകള്‍ ശാസനയലൊതുക്കിയും സിപിഎം ജില്ലാക്കമ്മിറ്റി. മിനി കൂപ്പര്‍ കാര്‍ വാങ്ങിയതിനെത്തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട സി.ഐ.ടി.യു. നേതാവ് പി.കെ. അനില്‍കുമാറിനെ കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്റെ എല്ലാ ഭാരവാഹിത്വത്തില്‍നിന്നും നീക്കംചെയ്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പ്രധാന നേതാക്കൾ ഉൾപ്പെടെ വരുത്തിയ വീഴ്ചയാണ് പരാജയത്തിന്റെ ആക്കം കൂട്ടിയെന്ന സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ.കെ. ബാലനും ടി.പി. രാമകൃഷ്ണനും ഉള്‍പ്പെട്ട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ജില്ലാ കമ്മിറ്റി,ശരിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ചകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾ നടപടിയില്‍നിന്ന് ഒഴിവായത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില ദുഷ്പ്രവണതകളുണ്ടായെന്നും മേലില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന സെക്രട്ടറി ചര്‍ച്ചയില്‍ വ്യക്തമാക്കി.

അതേ സമയം, 50 ലക്ഷം മുടക്കി മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണതയാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ കടുത്ത നിലപാടെടുത്തു. തുടര്‍ന്ന് സി.ഐ.ടി.യു നേതാവ് അനില്‍കുമാറിനെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍നിന്നും മറ്റെല്ലാ ഭാരവാഹിത്വങ്ങളിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.എൻ മോഹനനെയും നീക്കം ചെയ്തു.

തൃക്കാക്കര മത്സരത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് കെ.എസ്.അരുണ്‍കുമാറിന് വേണ്ടി ചുവരെഴുത്ത് നടത്തിയതാണ് ആശയക്കുഴപ്പത്തിനിടയായെന്ന് റിപ്പോര്‍ട്ട് പറയുന്നു. തുടര്‍ന്ന് ഔദ്യോഗിക സ്ഥാനാര്‍ഥി ജോ ജോസഫാണെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. വൈദികരുടെ സാന്നിധ്യത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ വച്ച് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതും വിമര്‍ശനവിധേയമായി. സ്ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കും മുന്‍പ് ചുവരെഴുതിയത് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ അറിവോടുകൂടിയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ തൊഴിലാളി യൂണിയനില്‍ സ്വാധീനമുള്ള കെ.എസ്.അരുണ്‍കുമാറിന് വേണ്ടി ചിലര്‍ ചുവരെഴുതിയത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് മറുവിഭാഗവും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here