തിരുവനന്തപുരം : വ്യാജരേഖക്കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ അറസ്റ്റിൽ പ്രതികരിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. യു.ഡി.എഫ് ഭരണകാലത്ത്

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നും ഇതാണ് ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസമെന്നും സുധാകരൻ പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്ത് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയശേഷം സിപിഎം സംരക്ഷണത്തിലുള്ള മുടക്കോഴി മലയില്‍ ഒളിച്ചു താമസിച്ച പ്രധാന പ്രതികളെ സാഹസികമായി പിടികൂടാന്‍ എടുത്തതിനോളം ദിവസമെടുത്താണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് എസ്എഫ്‌ഐ വനിതാ നേതാവിനെ പൊലീസ് പിടികൂടിയതെന്ന് സുധാകരന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ ചിറകിലൊളിപ്പിച്ച എസ്.എഫ്.എ നേതാവിനെ പിടികൂടാന്‍ പൊലീസിന് 16 ദിവസം വേണ്ടി വന്നു. പ്രതിക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ കഴിയാനും കൂട്ടുനിന്ന പൊലീസ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിനും ഒത്താശ ചെയ്തു. ഗത്യന്തരമില്ലാതെയാണ് ഒടുവിൽ പാര്‍ട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ പൊലീസിന് കീഴടങ്ങിയത്. മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനും മൂന്നു കോളജുകളില്‍ അദ്ധ്യാപികയായി ജോലി നേടാനും വിദ്യയ്ക്ക് സഹായം നല്കിയവരെയും ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഇതുപോലെ കായംകുളം എം.എസ്.എം കോളേജിലെ നിഖിൽ തോമസിന് തെളിവുകള്‍ നശിപ്പിക്കാനും നിയമപഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടാനും പൊലീസ് സാവകാശം നല്കിയിരിക്കുകയാണ്. അറസ്റ്റിനു പാകമാകുമ്പോള്‍ സി.പി.എം വീശുന്ന പച്ചക്കൊടിക്കായി കാത്തിരിക്കുന്ന പോലീസ് അധഃപതനത്തിന്റെ അടിത്തട്ടിലെത്തി. എസ്.എഫ്‌.ഐക്കാരുടെ വ്യാജനിര്‍മിതികള്‍ കൊടുമ്പിരികൊണ്ടപ്പോള്‍ നിരപരാധിയായ കെ.എസ്‌.യു നേതാവ് അന്‍സില്‍ ജലീലിനെ കുടുക്കാന്‍ സി.പി.എം നടത്തിയ നെറികെട്ട കരുനീക്കം കണ്ട് തലമരവിച്ചുപോയെന്നും സുധാകരൻ പറഞ്ഞു. . രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം കൊലയും കൊള്ളയും വെട്ടും കുത്തും വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണവും നടത്തുന്ന സി.പി.എം എല്ലാ വൃത്തികേടുകളുടെയും കൂടാരമാണെന്നും സുധാകരന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here