തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ആദ്യ ബാച്ച് വനിതാ ഡ്രൈവർമാർ വളയം പിടിക്കുക സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകളിൽ. ഇവർക്കുള്ള പരിശീലനം അട്ടക്കുളങ്ങര സ്റ്റാഫ് ട്രെയിനിങ് സെന്ററില്‍ തുടരുകയാണ്.

തിരുവനന്തപുരം സ്വദേശി അനില, തൃശൂര്‍ സ്വദേശിനികളായ ജിസ്‌ന, ശ്രീക്കുട്ടി, നിലമ്പൂര്‍ സ്വദേശിനി ഷീന എന്നീ നാലു പേരെയാണ് ആദ്യം നിയോഗിക്കുക. നാലു ഘട്ടങ്ങളിലായാണ് ഇവർക്കുള്ള പരിശീലനം. ഡീസൽ ബസുകളിലാണ് ഒന്നാം ഘട്ട പരിശീലനം. രണ്ടാഴ്ചയായി തുടരുന്ന പരിശീലനം രണ്ടു ദിവസത്തിനകം പൂർത്തിയാകും. ഇലക്ട്രിക് ബസുകളിലെ പരിശീലനമാണ് അടുത്തത്. ഡീസൽ ബസുകളെ അപേക്ഷിച്ച് ക്ലച്ചും ഗിയറുമില്ലാത്തതിനാൽ ഇവ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇലക്ട്രിക് ബസുകളിൽ മൂന്ന് ദിവസത്തെ പരിശീലനം മതിയാകും. യാത്രക്കാരോടുള്ള പെരുമാറ്റം, സ്ഥാപനത്തിലെ ഇടപെടൽ, സർവിസ് ചട്ടങ്ങൾ തുടങ്ങി ക്ലാസ് സ്വഭാവത്തിലുള്ള മാനേജീരിയൽ പരിശീലനമാണ് അടുത്തത്. ഇതിനും രണ്ടു ദിവസമാണ് നിശ്ചയിച്ചിരിക്കുന്നത്. സ്വയം പ്രതിരോധം ലക്ഷ്യമാക്കിയുള്ള കായിക പരിശീലനമാണ് ഒടുവിലത്തേത് . പൊലീസാണ് ഈ പരിശീലനം നൽകുന്നത്. ശേഷമാണ് ഇവരെ ഡ്യൂട്ടിക്കായി നിയോഗിക്കുക.

നാലു പേർക്കും ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ട്. ടിപ്പറും, എക്സ്കവേറ്ററുമൊക്കെ ഓടിച്ച് പരിചയമുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ കോതമംഗലം കോട്ടപ്പടി സ്വദേശി വി.പി. ഷീല മാത്രമാണ് നിലവിൽ ഡ്രൈവറായുള്ളത്. സ്വിഫ്റ്റിന്റെ വനിതാ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇവരെ നിയോഗിച്ചിട്ടുണ്ട്.

സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് സ്വിഫ്റ്റിലേക്ക് വനിതാ ഡ്രൈവര്‍മാരെ ക്ഷണിച്ചത്. കാറിന്റെ ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന വിധത്തിലായിരുന്നു വിജ്ഞാപനം. ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി. 112 അപേക്ഷകരിൽ 27 പേരെ ടെസ്റ്റിന് വിളിച്ചു. 11 പേര്‍ പാസായി. ഇതില്‍ കാര്‍ ലൈസന്‍സുള്ളവര്‍ക്ക് രണ്ടാംഘട്ടത്തില്‍ ഹെവി പരിശീലനം നല്‍കും. ഹെവി ലൈസന്‍സ് കരസ്ഥമാക്കുന്ന മുറക്ക് ഇവരെയും ബസുകളില്‍ നിയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here