തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് മന്ത്രിസഭാ യോഗം. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മന്ത്രിസഭാ യോഗം അനുശോചന രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നല്‍കി വേണം സംസ്‌കാരം നടത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി വീണ്ടും ആലോചിക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

തനിക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം കുടുംബത്തെയും അറിയിച്ചിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ മാത്രം മതിയെന്നായിരുന്നു ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നത്.

നാളെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ശുശ്രൂഷ നിശ്ചയിച്ചിരിക്കുന്നത്. ഇന്നു രാവിലെ ഏഴ് മണിയോടെ ജഗതിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ട വിലാപയാത്ര ഉച്ചയ്ക്ക് 1.30 കഴിഞ്ഞപ്പോള്‍ വെഞ്ഞാറമൂട് പിന്നിട്ടതേയുള്ളൂ.

വൈകിട്ട് തിരുനക്കര മൈതാനത്താണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി. വിശദീകരിച്ചു. തിരുനക്കരയില്‍ മൈതാനിയില്‍ ആളുകളെ തങ്ങാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. പൊതുദര്‍ശനതിന് ക്യു ഏര്‍പ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്.

മൈതാനിയില്‍ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പോലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ കോട്ടയം-പുതുപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here