ദില്ലി: മണിപ്പൂര്‍ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മെയ്‌ത്തെയ് – കുക്കി വിഭാഗങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. രഹസ്യാന്യേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറകറുടെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. മുന്‍ വിഘടനവാദി കുക്കി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. രഹസ്യാന്യേഷണ വിഭാഗം മുന്‍ അഡീഷണല്‍ ഡയറകടര്‍ അക്ഷയ് മിശ്രയാണ് സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

കേന്ദ്ര പ്രതിനിധിയായ രഹസ്യാനേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ മെയ്‌ത്തെയ് വിഭാഗവുമായും ചര്‍ച്ച നടന്നു. പ്രത്യേക ഭരണ സംവിധാനം വേണമെന്ന കുക്കി സംഘടനകളുടെ ആവശ്യത്തില്‍ ചര്‍ച്ചയില്ലെന്നും സമാധാനം പുനഃസ്ഥാപിക്കുക മാത്രമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇടഞ്ഞു നില്‍ക്കുന്ന മെയ്‌ത്തെയ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ബീരേന്‍ സിങിനെയും കേന്ദ്രം ആശ്രിയിക്കുന്നുണ്ട്.

കലാപം അവസാനിപ്പിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിര്‍മശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. ഇടവേളക്ക് ശേഷം വീണ്ടും തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന് തലവേദനയാണ്. ഇന്ന് പുലര്‍ച്ചെ ചുരാചന്ദ്പ്പൂര്‍- ബിഷ്ണുപൂര്‍ അതിര്‍ത്തിയിലാണ് വെടിവപ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം തെങോപാലിലെ മൊറേയില്‍ കുക്കി വിഭാഗക്കാര്‍ മാര്‍ക്കറ്റും വീടുകളും കത്തിച്ചിരുന്നു. സുരക്ഷാ സേനയുമായും ഇവര്‍ ഏറ്റുമുട്ടി. രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ അക്രമം നടന്നതില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ രണ്ട് ബസുകളും കത്തിക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here