കട്ടപ്പന. ഇടുക്കി മറയൂരിൽ വീട് തകർത്ത് കവർച്ച നടത്തിയ സംഭവം : കൊടുംകുറ്റവാളി ഉൾപ്പെടെ പിട്ടികിട്ടാപ്പുള്ളികളായ 4പേർ പിടിയിൽ*

*മറയൂർ ▪️* കോട്ടക്കുളം ഭാഗത്ത് വീട് തകർത്തു വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള കൊടുംകുറ്റവാളി ഉൾപ്പെടെ പിട്ടികിട്ടാപ്പുള്ളികളായ നാൽവർ സംഘം പിടിയിൽ. കൊലപാതകം, കവർച്ച, മോഷണം, ആക്രമണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ മുപ്പടാതി അമ്മൻ കോവിൽ സ്ട്രീറ്റ് സ്വദേശി ബാലമുരുകൻ (33), കൊലക്കേസ് പ്രതിയായ തെങ്കാശി ചെമ്പട്ടി മാരിയമ്മൻ കോവിൽ സ്ട്രീറ്റ് ഗണേശന്റെ മകൻ തമിഴ് സെൽവൻ (23), മധുര ചൊക്കലിംഗപുരം സ്വദേശി ദിലീപ് (23), ശിവഗംഗ തിരുപ്പത്തൂർ സ്വദേശി ചക്രവർത്തി ഹൈദരലി (42) എന്നിവരാണ് പിടിയിലായത്.

നാട്ടുകാരുടെ സഹയത്താൽ ആണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോട്ടക്കുളം സതീശിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും പത്തടിപ്പാലം പുഷ്പാംഗദന്റെ വീട്ടിൽ നിന്ന് നായ്ക്കുട്ടികളെ മോഷ്ടിച്ച കേസിലുമാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറയൂർ എസ്ഐ പി.ജി.അശോക് കുമാറും സംഘവും മാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടത്തി മുങ്ങിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. 10ന് ഒന്നാം പ്രതി ബാലമുരുകൻ വണ്ടിപ്പെരിയാറിൽ നിന്നു കാർ വാങ്ങി മൂന്നാർ വഴിയാണ് മറയൂരിലെത്തിയത്. രാത്രി പന്ത്രണ്ടോടെ മറയൂർ ഗവ. ഹൈസ്കൂളിനു സമീപത്ത് കാർ പാർക്ക് ചെയ്ത ശേഷം, കെട്ടിടം പണിയുന്ന സൈറ്റിൽ നിന്നു കമ്പിപ്പാരയെടുത്ത് സതീശിന്റെ വീട് കുത്തിത്തുറന്നു.

വീട്ടുടമ മോഷണശ്രമം ചെറുത്തതോടെ അവിടെ നിന്നു കടന്നുകളഞ്ഞ സംഘം മറയൂർ പത്തടിപ്പാലം ഭാഗത്ത് എത്തി. പൊലീസ് പ്രധാന റോഡുകളിൽ എല്ലാം തന്നെ ഉണ്ടായിരുന്നതിനാൽ പത്തടിപ്പാലം ഭാഗത്തെ ഉൾവശത്തേക്ക് സംഘം മാറി. ഇതിനിടെ പുഷ്പാംഗദന്റെ വീട്ടിലെ പുറത്തെ കൂട്ടിൽ കിടന്ന നായ്ക്കുട്ടികളെ പ്രതികൾ മോഷ്ടിച്ചിരുന്നു. 11നു പുലർച്ചെ അഞ്ചരയോടെ നായ്ക്കുട്ടികളുമായി കടന്നുപോയ വാഹനം പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. വീട്ടിൽ നിന്നു നായ്ക്കുട്ടികൾ മോഷണം പോയ വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. പിന്തുടർന്ന പൊലീസിനെ കണ്ട് ചട്ടമൂന്നാർ ഭാഗത്ത് പ്രതികൾ കാർ ഉപേക്ഷിച്ചു. തുടർന്ന് തേയിലത്തോട്ടത്തിനുള്ളിലേക്ക് കടന്നു. പൊലീസ് സംഘം മറയൂർ ടൗണിലെയും പള്ളനാട്ടിലെയും ‌ഡ്രൈവർമാരുടെ സഹായം തേടി. പൊലീസും അൻപതോളം വരുന്ന ചെറുപ്പക്കാരും അടങ്ങുന്ന സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികളെ തേയിലത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. ബാലമുരുകൻ 2015 മുതൽ കവർച്ച, കൊലപാതകം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here