ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിന്റെ അവസാന നിമിഷങ്ങളിലാണ് മലയാളികള്‍. തിരുവോണം കേമമാക്കാനുള്ള ഓട്ടം മുഴുവന്‍ നടക്കുന്നത് ഉത്രാട ദിനത്തിലാണ്. അതുകൊണ്ട് തന്നെ ഉത്രാട ദിവസം കേരളത്തിലെ റോഡുകളിലും കടകളിലും തിരക്ക് കൂടും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്നത് ഉത്രാട ദിവസമാണ്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണം.

ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ വീട്ടില്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്. കേരളീയ സംസ്‌ക്കാരവുമായി ഉത്രാടം വളരെയേറെ ബന്ധപ്പെട്ട് കിടക്കുന്നു, വിളവെടുപ്പ് നടക്കുന്ന മാസമാണ് ചിങ്ങമാസം. ഉത്രാട ദിനത്തില്‍ പണ്ടുള്ളവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു.

ഉത്രാട ദിനത്തിലാണ് ഓണ സദ്യയ്ക്ക് തുടക്കം കുറിക്കുന്നതും. ഒന്നാം ഓണമാണ് ഉത്രാടം. അതുകൊണ്ട് ഗംഭീരമായ സദ്യ ഉത്രാടത്തിനും തയ്യാറാക്കും. പായസം ഉള്‍പ്പെടെ ഉള്ളവ സദ്യയില്‍ ഉണ്ടാവും. ഉത്രാടത്തിന്റെ വൈകുന്നേരങ്ങള്‍ തിരക്ക് പിടിച്ചതായിരിക്കും. ഓണത്തിന് ഉള്ള എല്ലാ തയ്യാറെടുപ്പുകളും സജീവമാകുന്നത് ഉത്രാടത്തിന് ആണ്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ദിനങ്ങളാണ് ഓണവും ഉത്രാടവും.

LEAVE A REPLY

Please enter your comment!
Please enter your name here