
തിരുവനന്തപുരം: ഓട്ടിസം ബാധിതര്‍ മനോഹരമായി പാട്ടുപാടുന്നു. ഡൗണ്‍സിന്‍ഡ്രോം ബാധിതരുടെ മുഖത്ത് നവരസങ്ങള്‍ വിരിയുന്നു. ചലന-കേള്‍വി പരിമിതര്‍ സംഗീതത്തിന്റെ അകമ്പടിയോടെ മാസ്മരിക ഇന്ദ്രജാലം അവതരിപ്പിക്കുന്നു. ഡിഫറന്റ് ആര്‍ട് സെന്ററിനെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര ടൂറിസ-ഗതാഗത-സാംസ്‌കാരിക പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയാണ് അവിശ്വസനീയ പ്രകടനങ്ങള്‍ കൊണ്ട് സെന്ററിലെ ഭിന്നശേഷിത്താരങ്ങള്‍ വിസ്മയിപ്പിച്ചത്. സെറിബ്രല്‍ പാഴ്‌സി ബാധിതനായ വിഷ്ണുവിന്റെ ഹൂഡിനി എസ്‌കേപ്പ് ആക്ട് അവതരണം സംഘത്തെ ഹരംകൊള്ളിച്ചു. പലപ്രകടനങ്ങള്‍ക്കൊടുവിലും നിലയ്ക്കാത്ത കരഘോഷമായിരുന്നു.
ഏവരുടെയും മനംകവര്‍ന്ന പ്രകടനം നടത്തിയ സെന്ററിലെ എല്ലാ കുട്ടികളെയും കേന്ദ്രസംഘം പ്രത്യേകം പ്രശംസിച്ചു.
സമിതി ചെയര്‍മാന്‍ വി.വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. നാല്‍പ്പതോളം പേരടങ്ങുന്ന സംഘത്തില്‍ എം.പിമാരായ എ.എ റഹീം, സുനില്‍ബാബു റാവു മെന്ദെ, ഛെടി പാസ്വാന്‍, തിരത് സിംഗ് റാവത്, മനോജ് കുമാര്‍ തിവാരി എന്നിവരും സെക്രട്ടറിമാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. രാജ്യത്തൊരിടത്തും ഭിന്നശേഷിക്കാര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലില്ലെന്നും അവസരങ്ങള്‍ യഥേഷ്ടം നല്‍കി അവര്‍ക്കും സമൂഹത്തില്‍ തുല്യമായ പ്രാധാന്യം നല്‍കുവാന്‍ ശ്രമിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും സമിതി ചെയര്‍മാന്‍ വി.വിജയസായി റെഡ്ഡി പറഞ്ഞു.
ഗോപിനാഥ് മുതുകാട് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും എല്ലാം ഉപേക്ഷിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് തണലായി മാറാന്‍ തീരുമാനിച്ച ധൈര്യം അപൂര്‍വം ചിലരിലേ കാണുകയുള്ളൂവെന്നും ദൈവീകമായ ആ തീരുമാനമാണ് അദ്ദേഹത്തെയും ഈ സെന്ററിനെയും മഹത്തരമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ ഐ.എ.എസ്, സാംസ്‌കാരിക സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് എന്നിവരും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് കേന്ദ്രസംഘത്തെ ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്ക് സ്വാഗതം ചെയ്തു.
ഡബ്ലിയു.എച്ച്.ഒ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് മാനേജര്‍ മിനു.കെ എന്നിവര്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സംഘത്തിന് മുന്നില്‍ വിശദീകരിച്ചു. തെരുവുജാലവിദ്യക്കാരന്‍ ഇര്‍ഷാദിന്റെ പ്രകടനവും കണ്ടാണ് സംഘം മടങ്ങിയത്. മാജിക് പ്രധാന ബോധനമാധ്യമമാക്കി ഭിന്നശേഷിക്കുട്ടികളെ ഇതരകലകള്‍ പരിശീലിപ്പിക്കുന്ന രീതി ലോകത്താദ്യമായാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയിരിക്കുന്നത്.
ഈ പഠനരീതി കുട്ടികളിലെ ബൗദ്ധിക സാമൂഹ്യ മാനസിക ശാരീരിക നിലകളില്‍ മാറ്റംവരുത്തിയതായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈയൊരു മാതൃക രാജ്യത്തുടനീളം നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനായാണ് സംഘമെത്തിയത്. നേരത്തെ തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി സെന്റര്‍ സന്ദര്‍ശിക്കുകയും തമിഴ്നാട്ടില്‍ ഡി.എ.സി മാതൃക നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.




