പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുമുഖം ആരെന്ന് നാളെ അറിയാം. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. കടുത്ത മത്സരം നടന്ന പുതുപ്പള്ളിയില്‍ ഫലമറിയാന്‍ കാത്തിരിക്കുന്ന അവസാന മണിക്കൂറിലും വലിയ അവകാശവാദങ്ങളിലാണ് മുന്നണികള്‍.

പുതുപ്പള്ളിയുടെ പുതിയ എംഎല്‍എ ആരെന്നറിയാന്‍ ഇനി നിമിഷങ്ങളെണ്ണി കാത്തിരിക്കാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളില്‍ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളില്‍ അസന്നിഹിത വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.

കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മന്‍ ചാണ്ടിക്ക് 1293 വോട്ടിന്റെ ഭൂരിപക്ഷം അയര്‍ക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ല്‍ താഴെ പിടിച്ചുനിര്‍ത്തിയാല്‍ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിര്‍ത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണര്‍കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സര്‍വീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകള്‍ കിട്ടിത്തുടങ്ങും.

എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വന്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലുണ്ട് മുന്നണിക്ക്. എന്നാല്‍ ചിട്ടയായ സംഘടനാ സംവിധാനത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. പുതുപ്പള്ളി ഇത്തവണ മാറി ചിന്തിക്കുമെന്ന് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here