ജെയിംസ് കൂടല്‍
ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുഎസ്എ)

പുതുപ്പള്ളിയ്ക്ക് ഇനി പുതുതുടക്കമാണ്. അത് ആ നാട് ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്‍ തലമുറക്കാരനിലൂടെ ആകുമ്പോള്‍ ഇരട്ടി മധുരമെന്നു പറയാതെ വയ്യ. ജനകീയനായ നേതാവിന്റെ പാതയില്‍ വളര്‍ന്ന പുത്രന് അദ്ദേഹം നടത്തി വന്ന വികസന പ്രവര്‍ത്തനങ്ങളെ അടുത്ത് അറിഞ്ഞ് പൂര്‍ത്തിയാക്കുവാനും അതിന് തുടര്‍ച്ച കൊണ്ടുവരാനും സാധിക്കും എന്നതില്‍ സംശയമില്ല. അത്രമേല്‍ ആ നാടിന്റെ സ്നേഹം ഏറ്റുവാങ്ങിയ ചാണ്ടി ഉമ്മനോളം മറ്റൊരു നേതാവില്ല ആ നാടിനു ഇനി വെളിച്ചമേകാന്‍.

അപ്രതീക്ഷിതമോ, അട്ടിമറിയോ അല്ല ഈ വിജയം. കണക്കുകൂട്ടലുകളില്‍ അടിതെറ്റാത്ത കൃത്യമായ വിജയം തന്നെയാണിത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രചരണം വരെയുള്ള ഓരോ ഘട്ടത്തിലും കൃത്യമായ മുന്നേറ്റം നടത്താന്‍ യുഡിഎഫ് ക്യാമ്പിനായി. മുഖ്യമന്ത്രിയും മന്ത്രിമാരും തലകുത്തി നിന്നിട്ടും ജെയ്ക്കിന് പരാജയമെന്ന തന്റെ ചരിത്രം വീണ്ടും തുടരാന്‍ കഴിഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മുന്നിലേക്ക് വയ്ക്കുന്ന രാഷ്ട്രീയമെന്ത്, സൂചനയെന്ത് എന്നത് കൃത്യമായി ചര്‍ച്ച ചെയ്യേണ്ട സമയമാണിത്. പുതുപ്പള്ളിയുടെ വികസനം ഉയര്‍ത്തി ചാണ്ടി ഉമ്മനും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി ജെയ്ക്കും പ്രചരണത്തെ നേരിട്ടു. അങ്ങനെ എങ്കില്‍ ഈ വിജയം സര്‍ക്കാര്‍ പരാജയമാണ് എന്നതിന്റെ സൂചനയല്ലേ? കേരളത്തിലാകമാനം നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമായി നമുക്കീ വിജയത്തേയും വ്യാഖ്യാനിക്കുന്നതില്‍ എന്താണ് തെറ്റ്?

പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടന്ന ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ വിലക്കയറ്റം, അവശ്യസാധനങ്ങളുടെ ലഭ്യത കുറവ്, വിപണിയില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്തതാണ്. കാണം വിറ്റിട്ടും പലര്‍ക്കും ഓണം ഉണ്ണാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഇതൊക്കെ ജനജീവിതത്തെ വളരെ ഗൗരവമായി ബാധിക്കുകയും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും സര്‍ക്കാരിനെതിരെ ജനം വിലയിരുത്തലുകളും പ്രതിഷേധങ്ങളും നടത്തി വരുന്ന കാലം കൂടിയാണിത്.

അനാവശ്യമായ വിവാദങ്ങള്‍ നിരത്താനായിരുന്നു എപ്പോഴും സിപിഎം ശ്രമിച്ചുകൊണ്ടിരുന്നത്. സൈബര്‍ ഇടങ്ങളിലടക്കം അവര്‍ ഉമ്മന്‍ ചാണ്ടിയെ അനാവശ്യമായി അപമാനിച്ചു കൊണ്ടിരുന്നു. ചാണ്ടി ഉമ്മന്റെ മുന്നേറ്റത്തേയും ജനസ്വീകാര്യതയേയും അവര്‍ അത്രമേല്‍ ഭയന്നിരുന്നു എന്നതാണ് സത്യം. പക്ഷെ അതൊന്നും കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിലപോയില്ല. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ സാമ്പിള്‍ വെടിക്കെട്ടു മാത്രമാണ് ഇതെന്ന് പുതുപ്പള്ളിക്കാര്‍ രാഷ്ട്രീയഭേദമെന്യേ പറയുന്നു എന്നതും ശ്രദ്ധേയമാണ്.

കേരള സമൂഹത്തില്‍ അത്രമേല്‍ സ്വാധീനമുണ്ടാക്കിയ ജനകീയ മുഖമാണ് ഉമ്മന്‍ ചാണ്ടിയുടേത്. അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ കണ്ണീരര്‍ച്ചന ചെയ്യാത്ത മലയാളി ഉണ്ടാകില്ല. എന്നിട്ടും അദ്ദേഹത്തെ രാഷ്ട്രീയ യുദ്ധത്തിനുള്ള ആയുധമാക്കി മാറ്റിയത് അംഗീകരിക്കാന്‍ കഴിയാത്ത വസ്തുതയാണ്. എതിരാളികളെ പോലും ചിരിച്ച മുഖവുമായി നേരിട്ട പാരമ്പര്യമുള്ള നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. എന്തായാലും ഈ വിജയം അദ്ദേഹത്തിന്റെ ആത്മാവിനുള്ള സമര്‍പ്പണമാകട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here