പുതുപ്പള്ളിയില്‍ കേരളകോണ്‍ഗ്രസ് എമ്മിന്‍റെ വോട്ട് ചോര്‍ന്നെന്ന വിലയിരുത്തലില്‍ സിപിഐ. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളില്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷത്തില്‍ 2021നെ അപേക്ഷിച്ച് വന്‍ വര്‍ധനയുണ്ടായി. തിരഞ്ഞെടുപ്പ് ഫലത്തില്‍ കേരള കോണ്‍ഗ്രസ് എം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9044ലേക്ക് താഴ്ത്തിയതില്‍ കേരളകോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണിമാറ്റവും പ്രധാനഘടകമായിരുന്നു. എന്നാല്‍ ഇത്തവണ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയതോടെ കേരള കോണ്‍ഗ്രസ് വോട്ട് എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്. 15000 വോട്ടുകള്‍ പുതുപ്പള്ളിയില്‍ സ്വന്തമായുണ്ടെന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ് എം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മൗനത്തിലാണ്. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചാണ്ടി ഉമ്മന് ലഭിച്ചു എന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. പാലായോട് സാമീപ്യമുള്ള അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ വോട്ടുനില ഇതിന് തെളിവായി സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. അയര്‍ക്കുന്നത്ത് കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത് 9118 വോട്ടുകള്‍. ഇത്തവണ 11779 വോട്ടു കിട്ടി. ജെയ്ക്കിന് കിട്ടിയ വോട്ട് 7825ല്‍ നിന്ന് 6301ലേക്ക് താഴുകയും ചെയ്തു. അയര്‍ക്കുന്നത്ത് കഴിഞ്ഞതവണ ഉമ്മന്‍ചാണ്ടിക്കു കിട്ടിയ 1293 വോട്ടുകളുടെ ലീഡ് ചാണ്ടി ഉമ്മന്‍ 5478 ആക്കി ഉയര്‍ത്തി. 

9 സീറ്റുമായി അകലക്കുന്നം പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചത് കേരളകോണ്‍ഗ്രസ് എമ്മിന്‍റെ കരുത്തിലാണ്. അയര്‍ക്കുന്നത്തെ പുന്നത്തറ സഹകരണബാങ്ക് ഭരണം കേരള കോണ്‍ഗ്രസിന് നഷ്ടമായി.

 രണ്ടിടത്തുമായി യുഡിഎഫ് ഭൂരിപക്ഷത്തില്‍ ഉണ്ടായത് 6518 വോട്ടിന്‍റെ വര്‍ധനയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here