കട്ടപ്പന /.ഇടുക്കി: ചെറുതോണി അണക്കെട്ടില്‍ ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂണുകളില്‍ താഴിട്ടു പൂട്ടിയതു വൻ സുരക്ഷാവീഴ്ച. പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആരോപണം. ജൂലൈ 22ന് അണക്കെട്ട് സന്ദര്‍ശിക്കാൻ പ്രവേശന പാസെടുത്തു സുരക്ഷാ ഉദ്യോഗസ്ഥരുടെ ദേഹപരിശോധനയെല്ലാം കഴിഞ്ഞു ചെറുതോണി അണക്കെട്ടില്‍ പ്രവേശിച്ചയാള്‍ പ്രവേശന കവാടത്തിനു സമീപത്തുതന്നെയുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ താഴിട്ടു പൂട്ടിയതും അത് ഒരു മാസം വരെ കണ്ടെത്താനാകാതിരുന്നതും ഗുരുതര വീഴ്ചയാണെന്നു വ്യക്തമായിരിക്കുകയാണ്. അണക്കെട്ടിനോടു ചേര്‍ന്നുള്ള പാര്‍ക്കിലും ഇടുക്കി അണക്കെട്ടു വരെയുള്ള വഴികളിലുമായി 11 താഴുകളാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ നാലിനു ഹൈമാസ്റ്റ് ലൈറ്റിലെ ബള്‍ബ് മാറാൻ വന്ന ജീവനക്കാരാണ് ഇതിന്‍റെ ചുവട്ടില്‍ പൂട്ടിയ താഴ് കണ്ടെത്തിയത്. ഡാം സുരക്ഷാ വിഭാഗം സിസി കാമറ പരിശോധിച്ചപ്പോഴാണ് വിവിധ സ്ഥലങ്ങളിലായി 11 താഴുകളിട്ടു പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയത്. 45നും 50നും ഇടയില്‍ പ്രായമുള്ള ഒരാളാണ് കൃത്യം ചെയ്തിരിക്കുന്നത്. ഇയാള്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന ഇരുമ്പ് കയറിലും എന്തോ ദ്രാവകം ഒഴിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ദൃശ്യങ്ങളിലുള്ളതെന്നു സംശയിക്കുന്ന ഒരാളെക്കുറിച്ചുള്ള സൂചന ഇടുക്കി പോലീസിനു ലഭിച്ചതായാണ് വിവരം. എന്നാല്‍, ഇയാള്‍ നിലവില്‍ വിദേശത്താണ്. ഇയാള്‍ സംഭവ ദിവസം അണക്കെട്ടിലെത്തിയത് ഒരു ടാക്സി കാറിലായിരുന്നു. ഉച്ചകഴിഞ്ഞ് 3.15ന് അണക്കെട്ടില്‍ പ്രവേശിച്ച ഇയാള്‍ ആറു കഴിഞ്ഞാണ് പുറത്തുകടന്നത്. കാമറയില്‍ പതിഞ്ഞ കാറിന്‍റെ നമ്പർ വഴിയാണ് ആളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇയാളുമായി ബന്ധമുള്ള ഏതാനും ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും സൂചനയുണ്ട്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതായും പറയപ്പെടുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here