സോളര്‍ പീഡനക്കേസ് ഗൂഢാലോചനയാണെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് റിപ്പോര്‍ട്ട് കാണാതെ മറുപടി പറയാനാവില്ല. സിബിഐ നിരീക്ഷണങ്ങള്‍ ഊഹിച്ചെടുത്താണ് പ്രതിപക്ഷം അടിയന്തരപ്രമേയവുമായി വന്നതെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു

അതിജീവിതയില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ പരാതി എഴുതിവാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയതാല്‍പര്യത്തോടെ കേസ് കൈകാര്യം ചെയ്തിട്ടില്ല. വന്ന പരാതിയില്‍ നിയമനടപടി സ്വീകരിക്കുകയാണ് ചെയ്തത്. 2016 ജൂലൈയിലാണ് പരാതി ലഭിച്ചത്. അതിന്മേല്‍ നിയമമോപദേശം തേടിയശേഷമാണ് തുടര്‍നടപടിക്കായി കൈമാറിയതെന്നും പിണറായി പറഞ്ഞു.

സോളര്‍ തട്ടിപ്പ് യുഡിഎഫ് ഭരണകാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും വെളിവാക്കുന്നതാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്ന് തട്ടിപ്പുകാര്‍ അധികാരത്തില്‍ ഇടനാഴികളില്‍ നടന്നു. ഇപ്പോള്‍ ഉന്നയിക്കുന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന ആവശ്യം പരിശോധിക്കാമെന്നും പിണറായി പ്രതികരിച്ചു. അതേസമയം സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here