കൊച്ചിയില്‍ കോളജ് വിദ്യാര്‍‌ഥികളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ആറുപേര്‍ മരട് പൊലീസിന്റെ പിടിയില്‍. ഏഴംഗ സംഘമാണ് ഇന്നലെ വൈകീട്ട് സഹപാഠികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും തട്ടിക്കൊണ്ടുപോയത്. വാഹനം ബ്രേക്ക് ഡൗണ്‍ ആയതോടെ ഇരുവരെയും ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.

കളമശേരിയിലെ കോളജില്‍ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണ് ഏഴംഗസംഘം തട്ടിക്കൊണ്ടുപോയത്. കോളജിലെ സ്പോര്‍ട് മീറ്റ് കഴിഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കടവന്ത്രയിലെ വീട്ടില്‍ക്കൊണ്ടുപോയി വിടാന്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ആണ്‍കുട്ടിയുമായി പരിചയമുള്ള രാഹുല്‍ തുടര്‍ച്ചയായി വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈറ്റിലയ്ക്ക് സമീപമുള്ള ഷൈന്‍ റോഡില്‍ ഇരുവരുമെത്തി. ഈ സമയം രണ്ടുപേര്‍ കാറിലേക്ക് ഇടിച്ചുകയറി. തുടര്‍ന്ന് ആണ്‍കുട്ടിയെ മര്‍ദിച്ചു. വാഹനം കുറച്ചുദൂരം ഓടിക്കഴിഞ്ഞപ്പോള്‍ രാഹുലും പിന്നാലെ ആഷ്‌ലിയും കാറില്‍ കയറി. തുടര്‍ന്ന് സംഘം നേരെ അരൂരിലേക്ക് ഇരുവരെയും കൊണ്ടുപോയി. ജിജോ, ജോയല്‍ എന്നിവരും സംഘത്തിനൊപ്പം ചേര്‍ന്നു. ഇതിനിടെ പെണ്‍കുട്ടി സുഹൃത്തുക്കളെ ഫോണ്‍വിളിക്കുകയും വാട്സാപ്പില്‍ ലൈവ് ലൊക്കേഷന്‍ അയക്കുകയും ചെയ്തു. പെണ്‍കുട്ടി ഫോണ്‍ വിളിച്ചതോടെ പിടിയിലാകുമെന്ന് സംഘത്തിന് മനസിലായി. തിരികെ കൊച്ചിയിലേക്ക്് എത്തിയ സംഘം മരട് ബണ്ട് റോഡിലേക്ക് തിരിച്ചു. അവിടെവച്ച് കാര്‍ ബ്രേക്ക് ഡൗണായി. ഇതോടെ സഹപാഠികള്‍ ഇരുവരെയും അവിടെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ അറിയിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തില്‍ കടവന്ത്ര, പാലാരിവട്ടം, കണ്‍ട്രോള്‍ റൂം പൊലീസ് വ്യാപക പരിശോധന നടത്തി. ഒടുവില്‍ രാത്രി രണ്ടുമണിയോടെ സഹപാഠികള്‍ ഇരുവരെയും പനമ്പിള്ളിനഗര്‍ വാക്‌വേയില്‍നിന്ന് കണ്ടെത്തി. മര്‍ദനമേറ്റ് അവശനായിരുന്ന ആണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. ഇരുവരുടെയും മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളായ രാഹുല്‍, ആഷ്‌ലി, ജോയല്‍, ജിജോ, സഞ്ചു എന്നിവരെ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയതിനും, മര്‍ദിച്ചതിനും, സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആണ്‍കുട്ടിയുമായുള്ള വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here