കൊച്ചി കടമക്കുടിയില്‍ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക് ശേഷവും പണം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശങ്ങള്‍ ബന്ധുക്കളുടെ ഫോണുകളിലേക്ക് എത്തുന്നു. മരിച്ച ശില്‍പയുടെ ബന്ധുക്കള്‍ക്ക് വന്ന ഭീഷണി സന്ദേശം മനോരമ ന്യൂസിന്. ഇനി തിരിച്ചടയ്ക്കാനുള്ളത് 9,300 രൂപയാണെന്നും, തിരിച്ചടവിനുള്ള അവസാന തീയതി ഇന്നാണെന്നും പണമടച്ചില്ലെങ്കില്‍ യുവതിയുടെ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയയ്ക്കുമെന്നുമുള്ള ശബ്ദ–ചിത്ര സന്ദേശങ്ങളാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ ശില്‍പ്പയുടെ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചതായും വിവരമുണ്ട്. വ്യത്യസ്തമായ ലോണ്‍ തുകയാണ് സന്ദേശങ്ങളിലുള്ളത്. ശില്‍പയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തി തെളിവ് ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. സംഭവത്തില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. നിജോയുടെയും ശില്‍പയുടെയും ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിക്കും.

ചൊവ്വാഴ്ച രാവിലെയാണ് കടമക്കുടി സ്വദേശികളായ നിജോ, ഭാര്യ ശില്‍പ, മക്കളായ ഏബല്‍, ആരോണ്‍ എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം നിജോയും ശില്‍പയും തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൂട്ടആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ആപ്പ് ലോണ്‍ കെണിയാണെന്ന് കണ്ടെത്തിയത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു നിജോ. വിദേശത്ത് ജോലി ചെയ്തിരുന്ന ശില്‍പ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here