കൊച്ചി: ലോകത്ത് മറ്റെങ്ങുമില്ലാത്ത തരം മതിലുകളാണ് കേരളത്തിലുള്ളതെന്നും അയ്യായിരം കിലോമീറ്ററെങ്കിലും നീളത്തില്‍ ഇവിടെ മതിലുകളുണ്ടെന്നും അവയുടെ സ്ഥാനത്ത് ഭാഗികമായെങ്കിലും നമ്മുടെ പഴയ ജൈവവേലികളെ തിരിച്ചുകൊണ്ടുവരണമെന്നും അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാര്‍ വി. പറഞ്ഞു. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിടദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് (ബിഎസ്എഫ്) പ്രഭാഷണപരമ്പരയിലെ 26-ാമത് പ്രഭാഷണ പരിപാടിയിയിലെ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു സുനില്‍കുമാര്‍.

വെള്ളരിയും പാവലും കോവലും പൂത്തും കായ്ച്ചും കിടന്നിരുന്നതും വണ്ടുകളും ശലഭങ്ങളും വിരുന്നെത്തിയിരുന്നതുമായ ജൈവവ്യൂഹമായിരുന്നു നമ്മുടെ വേലിപ്പടര്‍പ്പുകള്‍. അതിനടിയിലൂടെ പൂച്ചകളും നായ്ക്കളും കോഴികളുമെല്ലാം നൂണ്ടു വന്നു. എന്നാല്‍ മുറ്റത്തെ അവസാനത്തെ തുണ്ടു ഭൂമി കൂടി ടൈലിട്ടു മറച്ച് ചുറ്റും മതില്‍ കെട്ടി വരിയുമ്പോള്‍ എന്താണ് മതിലുകെട്ടി അകത്താക്കുന്നത്, പുറത്താക്കുന്നത് എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ചോദ്യം പ്രസക്തമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. രണ്ടും മൂന്നും സെന്റ് ഭൂമികളില്‍പ്പോലും ഇന്ന് ആളുകള്‍ മതിലു കെട്ടുന്നു. വീടുപണി ആരംഭിക്കും മുമ്പു തന്നെ മതിലു കെട്ടുന്നു. പണ്ട് കൊട്ടാരത്തിലും ജയിലിലും മാത്രമേ മതിലുണ്ടായിരുന്നുള്ളു. നിലവിലുള്ള മതിലുകളുടെപോലും ഒരു തട്ടെങ്കിലും പഴയ മാതൃകയിലുള്ള വേലികളാക്കുന്നതിലൂടെ അതിര്‍ത്തിയിലെ ജൈവികത തിരിച്ചു കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ 30% മാത്രം വരുന്ന കരപ്രദേശത്തില്‍ 2% മാത്രമേ താമസയോഗ്യമായുള്ളുവെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച പ്രമുഖ ആര്‍ക്കിടെക്റ്റും രാജ്യത്തെ ആദ്യ പത്ത് ആര്‍ക്കിടെക്റ്റുകളില്‍ ഒരാളായി ആര്‍ക്കിടെക്റ്റ് ആന്‍ഡ് ഇന്റീരിയേഴ്സ് ഇന്ത്യാ മാഗസിന്‍ തെരഞ്ഞെടുത്ത ആളുമായ ഇന്ദ്രജിത് കെംഭാവി പറഞ്ഞു. ഇതിനു തന്നെ മനുഷ്യര്‍ വേണ്ടത്ര കേടുപാടുകള്‍ വരുത്തിവെയ്ക്കുന്നു. പരിസ്ഥിതി മലിനീകരണം ഏറ്റവുമധികം ഉണ്ടാക്കിയിട്ടുള്ളത് പാശ്ചാത്യരാജ്യങ്ങളാണ്. ഇന്ത്യയുടെ പരമ്പരാഗത നിര്‍മാണരീതികള്‍ പലതും പരിസ്ഥിതിയെ കണക്കിലെടുക്കുന്നതുമാണ്. അതുകൊണ്ട് പാശ്ചാത്യരില്‍ നിന്ന് കെട്ടിടങ്ങള്‍ക്കുള്ള ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ഇപ്പോള്‍ നമ്മള്‍ കൈനീട്ടുന്നത് വിരോധാഭാസമാണ്.

സുനില്‍കുമാര്‍ പറഞ്ഞതുപോലെ സുസ്ഥിരമായ മൈക്രോഎന്‍വയോണ്‍മെന്റ് ശീലങ്ങളാണ് നമുക്കു വേണ്ടത്. ‘ഞങ്ങള്‍ നിര്‍മിച്ച പല ബഹുനില കെട്ടിടങ്ങളിലും ചുറ്റും മിയാവാക്കി നഗരവനങ്ങള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. നിര്‍മാണത്തിലുപയോഗിക്കുന്ന മെറ്റിരീയലുകളുടെ സുസ്ഥിരതയും പ്രാദേശകതയും ഇതുപോലെ തന്നെ പ്രധാനമാണ്,’ അദ്ദേഹം പറഞ്ഞു. ഗ്ലാസ് ഏറ്റവും പരിസ്ഥിതസൗഹാര്‍ദമായ നിര്‍മാണവസ്തുവായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍പ്പിടപദ്ധതികളില്‍ വന്‍തോതില്‍ ഗ്ലാസ് ഉപയോഗപ്പെടുത്തണം. ജനാലകള്‍ ഉണ്ടാക്കുന്നത് അടച്ചിടാനായിരിക്കരുത്. അടഞ്ഞ മുറികളിലെ ശക്തമായ വെളിച്ചത്തിനു കീഴില്‍ ചിക്കന്‍ ഫാമുകളിലേതുപോലെയാണ് ഇക്കാലത്തെ പല ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. സാധ്യമാകുമ്പോഴെല്ലാം വെളിച്ചവും വായവും കടന്നു വരാന്‍ അനുവദിക്കണം.

എയര്‍ കണ്ടീഷനിലുള്ള അമിതമായ ആശ്രയത്വം വിന്റ് കാച്ചിംഗ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുറച്ചു കൊണ്ടു വരണം. 50 ഡിഗ്രി ചൂടുള്ള ഇടങ്ങളില്‍പ്പോലും തങ്ങള്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ എസി ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക സംസ്‌കാരം പ്രധാനമാണ്. പാരമ്പര്യത്തെ അപ്പടി പകര്‍ത്തുകയല്ല പരീക്ഷണങ്ങളോടെ ആധുനിക സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമാക്കുകയാണ് വേണ്ടത്. പുതിയ സാങ്കേതികവിദ്യകളേയും ഉപയോഗപ്പെടുത്തണം. പാര്‍പ്പിട നിര്‍മാണം സാന്ദര്‍ഭികമായി പ്രസക്തമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെംഭാവി മുഖ്യ ആര്‍ക്കിടെക്റ്റായ ബംഗളൂരുവിലെ കെംബാവി ആര്‍ക്കിടെക്ചര്‍ ഫൗണ്ടേഷനെ രാജ്യത്തെ ആദ്യ മുപ്പത് പ്രമുഖ വാസ്തുശില്‍പ്പ സ്ഥാപനങ്ങളിലൊന്നായി ഫോബ്സ് മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here