തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പ് നടന്നതായി റിസോര്‍ട്ട് ഉടമയുടെ പരാതി. റിസോര്‍ട്ട് പണയപ്പെടുത്തി ബാങ്കിലെ വായ്പ രേഖകളില്‍ ഒപ്പിട്ടത് അറുപതു ലക്ഷം രൂപയ്ക്കായിരുന്നു. പിന്നീട്, റിസോര്‍ട്ട് ഉടമ അറിയാതെ ഇതേ രേഖകള്‍ പണയപ്പെടുത്തി ഒരു കോടി രൂപ വ്യാജ വിലാസത്തില്‍ നല്‍കിയെന്നാണ് ഗുരുതര ആരോപണം. തൃശൂര്‍ പാണഞ്ചേരിയിലെ രായിരത്ത് റിസോര്‍ട്ട് ഉടമ സുധാകരന്‍ രായിരത്താണ് കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിനെതിരെ ഗൗരവമായ ആരോപണം ഉന്നയിച്ചത്. റിസോര്‍ട്ട് വാങ്ങാന്‍ മാള സ്വദേശി അനില്‍ പി മേനോന്‍ വന്നിരുന്നു. നിലവില്‍, റിസോര്‍ട്ടിന്റെ പേരില്‍ 70 ലക്ഷം രൂപയുടെ വായ്പ സി.എസ്.ബി ബാങ്കിലുണ്ടായിരുന്നു. ഈ വായ്പ കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലേക്ക് മാറ്റാന്‍ റിസോര്‍ട്ട് വാങ്ങാന്‍ വന്നയാള്‍ ആവശ്യപ്പെട്ടു.

മൂന്നരക്കോടി രൂപയ്ക്കായിരുന്നു റിസോര്‍ട്ട് വില്‍ക്കാന്‍ ധാരണ. വലിയ കച്ചവടമായതിനാല്‍ വാങ്ങാന്‍ വന്നയാളുടെ ആവശ്യം അംഗീകരിച്ചു. അനിലിന്റേയും ഭാര്യയുടേയും പേരില്‍ അന്‍പതു ലക്ഷം രൂപയും റിസോര്‍ട്ട് ഉടമയായ സുധാകരന്‍റെ പേരില്‍ പത്തു ലക്ഷം രൂപയും കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് വായ്പയായി അനുവദിച്ചു. ഈടായി നല്‍കിയതാകട്ടെ റിസോര്‍ട്ട് രേഖകളും. പതിനായിരം സ്ക്വയര്‍ ഫീറ്റ് കെട്ടിടവും എണ്‍പതു സെന്റ് ഭൂമിയായിരുന്നു റിസോര്‍ട്ടിന്റേത്. രേഖകളില്‍ ഒപ്പിട്ട് നല്‍കിയത് അറുപതു ലക്ഷം രൂപയുടെ വായ്പയ്ക്കായിരുന്നു. റിസോര്‍ട്ട് വില്‍പനയ്ക്കു മുമ്പ് പിന്നീട്, കുടിക്കട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപയുടെ അധിക വായ്പ ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് താനറിയാതെ ഒരു കോടി രൂപ കൂടി വായ്പ നല്‍കിയതായി അറിയുന്നത്. അതും വ്യാജ വിലാസത്തില്‍.

പൊലീസിനും സഹകരണ വകുപ്പിനും പരാതി നല്‍കി. ആരും ഇടപ്പെട്ടില്ല. സി.പി.എം. ഭരിക്കുന്ന ബാങ്കായതിനാല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പരാതി പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് പരാതിക്കാരേയും മറ്റും വിളിച്ചുവരുത്തി മധ്യസ്ഥത പറഞ്ഞു. ബാങ്ക് ആകട്ടെ ജപ്തി നോട്ടിസയച്ചു. അതും മൂന്നു കോടി രൂപയ്ക്ക്. ഹൈക്കോടതിയെ സമീപിച്ചതോടെ ജപ്തിയ്ക്കു താല്‍ക്കാലിക സ്റ്റേ കിട്ടി. നിയമപോരാട്ടം തുടരുന്നു. മുന്‍ എം.എല്‍.എ: അനില്‍ അക്കരയ്ക്കൊപ്പമായിരുന്നു പരാതിക്കാരന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here