മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ സോളർ ഗൂഢാലോചന കേസിൽ കെ ബി ഗണേഷ് കുമാറിന് തിരിച്ചടി. പരാതിക്കാരിയുടെ കത്ത് തിരുത്തിയെന്ന കേസിൽ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഗുരുതര ആരോപണങ്ങളാണ് ഗണേഷ് കുമാറിനെതിരെ ഉയർന്നിട്ടുള്ളത്. കീഴ്കോടതി നടപടികളിൽ ഇടപെടാനാകില്ലെന്നും ഉമ്മൻചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കാൻ കേസ് മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗൂഢാലോചന കേസിൽ ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതിനാലാണ് നേരിട്ട് ഹാജരാകാൻ കോടതി സമൻസ് അയച്ചത്. കേസിലെ പരാതിക്കാരിയുമായി ചേർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. വിചാരണ ഘട്ടത്തിലാണ് മറ്റ് കാര്യങ്ങൾ പരിശോധിക്കണ്ടത്.

സോളർ പീഡന കേസിൽ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നാണ് കോൺഗ്രസ് നേതാവ് സുധീർ ജേക്കബ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, കേസിന്റെ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞാൽ വിടുതൽ ഹർജിയുമായി ഗണേശിന് കോടതിയെ സമീപിക്കാനാകുമെന്നും ആരോപണങ്ങൾ തെറ്റെന്ന് കണ്ടെത്തിയാൽ പരാതിക്കാരനെതിരെ നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here