ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെ തുടർന്നാണ് കടുത്ത നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ബില്ലുകളിൽ ഒപ്പിടാതെ അനന്തമായി തീരുമാനം നീട്ടാൻ ഗവർണർ ശ്രമിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യമായ നിയമോപദേശം നേടിയതിനു ശേഷമാണ് ഗവർണ്ണർക്കെതിരെ സർക്കാർ പടക്കൊരുങ്ങിയിരിക്കുന്നത്.

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിരെയാണ് സർക്കാർ നീക്കം. നിയമസഭ പാസാക്കിയ ബില്‍ ഗവർണർ ഒപ്പിട്ടാൽ അത് നിയമമാകും. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പുനഃപരിശോധനയ്ക്ക് അയച്ച ബില്‍ നിയമസഭ ഒരു മാറ്റവും വരുത്താതെ തിരിച്ചയച്ചാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ബാധ്യസ്ഥനുമാണ്. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനുള്ള അധികാരവും ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നു.

എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നാല്‍ സര്‍ക്കാരിന് ഓര്‍മിപ്പിക്കാമെന്നല്ലാതെ കൂടുതല്‍ ഇടപെടലുകള്‍ നടത്താനാകില്ല. ബില്ലിൽ ഒപ്പിടുന്നതിനു ഭരണ ഘടന ഒരു സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്. ഇത് ഭരണഘടന വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here