കൊല്ലം ഓയൂരിൽ തട്ടിപ്പു സംഘത്തിൽ നിന്നും രക്ഷപ്പെട്ട ആറ് വയസ്സുകാരി അബിഗേൽ സാറാ റെജി ആശുപത്രിയിൽ നിന്നും ഇന്ന് വീട്ടിലെത്തിയേക്കും. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് ഇനിയും പൂർണമായും മുക്തമായിട്ടില്ല. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ട് പോയേക്കും. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.

അതേസമയം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും.

പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കുട്ടിയെ കണ്ടെത്തി മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളിൽ ഒരാളിലേക്കെങ്കിലും എത്താൻ പൊലീസിന് കഴിയാത്തത് വലിയ വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here