വയനാട് ബത്തേരിക്ക് സമീപം വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് അടിയന്തര ധനസഹായവും അനുവദിക്കും. കാട് വെട്ടിത്തെളിക്കാന്‍ ഭൂവുടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


മരോട്ടിത്തറപ്പിൽ കുട്ടപ്പന്‍റെ മകന്‍ പ്രജീഷാണ് ബത്തേരിക്ക് സമീപം വാകേരിയില്‍ കടുവ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. വയലില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. പല ഭാഗങ്ങളും വേര്‍പെട്ട മൃതദേഹം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. പുല്ല് അരിയാൻ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരനും നാട്ടുകാരും നടത്തിയ തിരച്ചിലാണ് സമീപത്തെ വയലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വനത്തിനോട് ചേർന്ന് കടുവാ സാന്നിധ്യമുള്ള മേഖലയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. കഴിഞ്ഞവര്‍ഷവും മേഖലയില്‍ കടുവയുടെ ആക്രമണമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്ന് കടുവയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here