ശബരിമലയില്‍ ഒരു ദിവസം ദര്‍ശനം നടത്താനുള്ള പരമാവധി ബുക്കിങ് 80,000 ആയി കുറച്ചു. തിരക്ക് പരിഗണിച്ചാണ് നടപടി. ദര്‍ശനസമയം കൂട്ടുന്നത് സംബന്ധിച്ച് തന്ത്രിയും ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്നാണ് ഒരുദിവസം ദര്‍ശനം നടത്താനുള്ള പരമാവധി ബുക്കിങ് 90,000ല്‍ നിന്ന് 80,000 ആയി കുറച്ചത്. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം കുറച്ചതായും ബോർഡ് അറിയിച്ചു.

അതേസമയം തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടാനാകില്ലെന്നായിരുന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഭക്തജന തിരക്ക് നിയന്ത്രണാതീതമായി തുടരുന്നതിനിടെ മണിക്കൂറുകളായി കാത്തു നിന്ന് വലഞ്ഞ ഭക്തർ പലയിടങ്ങളിലും വേലിപൊളിച്ച് നിരതെറ്റിച്ച് കയറിയിരുന്നു. ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജിയടക്കം നിരവധി പേർക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ബാരിക്കേഡ് തകര്‍ത്ത് ഭക്തര്‍ തള്ളിക്കയറിയത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്ന് പറഞ്ഞ കോടതി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here