ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച ഗൺമാനെയും അംഗരക്ഷകരേയും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാഹനത്തിന് മുന്നിലേക്ക് ചാടി വീണവരെ പോലീസുകാർ തടയുകയായിരുന്നു. തനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് അംഗരക്ഷകര്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്ന് കെ എസ് യു പ്രവർത്തകരെ വളഞ്ഞിട്ട് അക്രമിച്ചിരുന്നു.

നാടിന്റെ പൊതു താല്പര്യത്തിന് വിരുദ്ധരായി നിൽക്കുന്ന പ്രതിപക്ഷത്തെ മാധ്യമങ്ങൾ വിമർശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്‍റെ തെറ്റായ നടപടികള്‍ക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ വരെ പോയിരിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാനത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിച്ചിരുന്നു. പ്രതിപക്ഷത്തോട് പ്രത്യേകം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നിങ്ങളുമായി ഒരു യോജിപ്പുമില്ല എന്നായിരുന്നു ഇതിനോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതാണോ സ്വീകരിക്കേണ്ട സമീപനം. ഇത് നാടിന്റെ പ്രശ്‌നമല്ലേ, നാടിനു വേണ്ടിയല്ലേ? ഏതെങ്കിലും ഒരു മുന്നണിക്കുവേണ്ടിയല്ലല്ലോ. കേരളത്തിന് അര്‍ഹതപ്പെട്ട 107500 കോടി രൂപയോളമാണ് കിട്ടാനുള്ളത്. ഇതിന് വേണ്ടി പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടതല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here