ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിന്റെ തിരുവനന്തപുരം പട്ടത്തെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെ മൂന്നു പേർക്ക് സാരമായി പരുക്കേറ്റു. അഞ്ചരയോടെ സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദീപിന്റെ വീടിന് ഇരുനൂറ് മീറ്റർ അകലെ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു.

മാർച്ച് എത്തുന്നതിനു മണിക്കൂറുകൾക്കു മുന്‍പ് മുതൽ സന്ദീപിന്റെ വീടിന്റെ പരിസരം ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ടു നിറഞ്ഞ അസാധാരണ സാഹചര്യവുമുണ്ടായി. ബാരിക്കേഡ് മറിച്ചിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും മുമ്പോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. സംഘർഷാവസ്ഥ മൂർച്ഛിച്ചതോടെ പൊലീസ് പ്രവർത്തകരെ അടിച്ചോടിച്ചു. പിന്തിരിഞ്ഞോടുന്നതിനിടയിൽ പൊലീസ് മുന്നറിയിപ്പ് ബോർഡുകളും പ്രവർത്തകർ മറിച്ചിട്ടു. സംഘർഷസാഹചര്യം കണക്കിലെടുത്ത് സന്ദീപിന്റെ വീടിന്റെ മുന്‍പിൽ സുരക്ഷ ശക്തമാക്കി.

അതേസമയം, ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാന്റെ നേത്യത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി.ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി..മനോജ് കുമാർ, മാവേലിക്കരയിലെ യൂത്ത് കോൺഗ്രസ് നേതാവ് മുത്താര രാജ് എന്നിവരാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ആലപ്പുഴ യിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഡിജിപിക്കും മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ പരാതി നൽകിയത്. ഗവർണർക്കും പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here