അന്തരിച്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകന്‍ വന്ദ്യ റവ ഡോ പിഎസ് ശാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ (97) യുടെ സംസ്‌ക്കാരം നടത്തപ്പെട്ടു. അച്ചന്റെ ഭൗതിക ശരീരം മെഴുവേലിലെ ഭവനത്തില്‍ ഡിസംബര്‍ 18 തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച പൊതുദര്‍ശനത്തിനും പ്രാരംഭ ശുശ്രൂഷകള്‍ക്കും ശേഷം 12 മണിയോടെ ഇടവക ദേവാലയമായ മെഴുവേലി ഹോളി ഇന്നസെന്റ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കൊണ്ടുവരികയും സഭയിലെ നിരവധി മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തിലും കുറിയാക്കോസ് മാര്‍ ക്‌ളീമീസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും നടത്തപ്പെട്ട ശുശ്രൂഷകള്‍ക്കു ശേഷം ദേവാലയ സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കപ്പെട്ട കല്ലറയില്‍ സംസ്‌ക്കരിച്ചു.

ശവസംസ്‌ക്കാര ശുശ്രൂഷയില്‍ സഭയിലെ അനേകം വൈദികരും നൂറു കണക്കിന് ജനങ്ങളും പങ്കെടുത്തു. അമേരിക്കയില്‍ അച്ചന്‍ വികാരിയായിരുന്ന ചെറി ലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തെ പ്രതിനിധീകരിച്ച് ഇപ്പോഴത്തെ വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസും അച്ചന്‍ സ്ഥാപിച്ച ദേവാലയങ്ങളില്‍ ഒന്നായ ഗാര്‍ഡന്‍ സിറ്റി സെന്റ് ബേസില്‍ ദേവാലയത്തെ പ്രതിനിധീകരിച്ചു ബാബു പാറയ്ക്കലും പുഷ്പചക്രമര്‍പ്പിച്ച് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന മുന്‍ പ്രസിഡന്റും സഭാ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ പോള്‍ കറുകപ്പിള്ളില്‍ റീത്തു സമര്‍പ്പിച്ചു. അമേരിക്കയിലെ പല ദേവാലയങ്ങളില്‍ നിന്നായി എത്തിയ നിരവധി വിശ്വാസികളുടെ സാന്നിധ്യം അച്ചന്റെ ആഴമേറിയ സൗഹൃദ ബന്ധത്തിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പത്തനംതിട്ട ജില്ലയില്‍ മെഴുവേലി പെരുംകുന്നില്‍ കുടുംബാംഗമാണ് റവ. പി. എസ്. സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പ. ചെങ്ങന്നൂര്‍ ഭദ്രസനത്തിലെ മെഴുവേലി ഹോളി ഇന്നസെന്റ്‌സ് ഇടവക അംഗവും അമേരിക്കന്‍ ഭദ്രസനത്തിലെ സീനിയര്‍ വൈദീകനുമായിരുന്നു. 1951ല്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനി കാലം ചെയുന്നതുവരെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. കാതോലിക്കേറ്റ് ഹൈസ്‌കൂള്‍ പത്തനംതിട്ട, മെട്രോപൊളിറ്റന്‍ ഹൈസ്‌കൂള്‍ പുത്തന്‍കാവ് എന്നിവടങ്ങളില്‍ അധ്യാപകനായും കിഴവള്ളൂര്‍ മിഡില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബയോളജി ഡിപ്പാര്‍ട്‌മെന്റ് ഹെഡ്, കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകന്‍, MGOCSM ജന സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നൈജീരിയയില്‍ അദ്ധ്യാപകനായി രണ്ടര ദശാബ്ദം പ്രവര്‍ത്തിച്ച അദ്ദേഹം ബയോളജി വിഷയത്തില്‍ എഴുതിയ ഏഴു പുസ്തകങ്ങള്‍ ഇന്നും നൈജീരിയയില്‍ ബയോളജി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളാണ്. അമേരിക്കന്‍ ഭദ്രാസന രൂപീകരണത്തിന് നേതൃത്വം നല്‍കി. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അമേരിക്കയില്‍ ഒരാസ്ഥാനം ഉണ്ടാകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയോടൊപ്പം നിന്ന് ഭദ്രാസനത്തിലെ യുവാക്കള്‍ക്ക് ആത്മീയ പ്രചോദനം നല്‍കി രൂപപ്പെടുത്തിയെടുക്കുവാന്‍ നേതൃത്വം നല്‍കി.

1954ല്‍ ഇവാന്‍സ്റ്റാണ്ണില്‍ നടന്ന അഖില ലോക സഭാ കൗണ്‍സിലില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയെ പ്രതിനിധികരിച്ചു. അമേരിക്കയിലെ സെന്റ് വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് തിയൊളജിയില്‍ ഡോക്ടറേറ്റ് നേടി. സഹധര്‍മ്മിണി പരേതയായ ഏലിയാമ്മ ജോര്‍ജ്ജ് (തോപ്പില്‍-പുത്തന്‍കാവ്). മക്കള്‍: റോജര്‍, റോഷിനി, റെജി, രജിനി. മരുമക്കള്‍: സൂസന്‍, ജോര്‍ജ്, റോസി.

LEAVE A REPLY

Please enter your comment!
Please enter your name here