യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിൽ വൻ സംഘർഷം. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിവീശിയതോടെ സംഘർഷം ശക്തമാവുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ കയറി. അതിനിടെ സംഘര്‍ഷത്തില്‍ കൻ്റോൺമെൻ്റ് എസ്‌ഐ ദില്‍ജിത്തിന് പരിക്കേറ്റു. വായില്‍ നിന്നും ചോര വന്നു. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹാഷിമിന്റെ തലപൊട്ടി. പരിക്കേറ്റ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രാഹുല്‍ മാങ്കൂട്ടത്തിലും ആക്രമണത്തില്‍ പരിക്കേറ്റു.

ഉച്ചക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുമന്നെ് പൊലീസ് മുന്നറിപ്പ് നല്‍കി. സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് ചെരുപ്പും മുളവടിയും എറിഞ്ഞു. പൊലീസുകാരെ മുളവടി കൊണ്ട് അടിക്കാനും ചില പ്രവർത്തകർ മുതിർന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ബസിന്റെ ചില്ല് തകര്‍ക്കുകയും ടയറിന്റെ കാറ്റൂരി വിടുകയും ചെയ്തു.

വാഹനമുള്‍പ്പെടെ തകര്‍ത്തിട്ടാണ് പ്രതികളെ ഇറക്കി കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടാതെ ഡിസിസി ഓഫീസിന് മുന്നില്‍ നിന്ന് പൊലീസിന് നേരെ കല്ലേറുണ്ടായതായും പൊലീസ് വ്യക്തമാക്കുന്നു. തലസ്ഥാനത്തെ നേതാക്കളെല്ലാം തന്നെ ഡിസിസി ഓഫീസില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സന്നാഹം ഡിസിസി ഓഫീസിന് മുന്നിലേക്കെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here