തിരുവനന്തപുരം: ദേവസഭാതലം പാടി കൈതപ്രത്തെ ഞെട്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയാണ് കാഴ്ചപരിമിതനായ ശ്രീകാന്തും ബൗദ്ധികപരിമിതനായ രാഹുലും ദേവസഭാതലം എന്ന ഏറ്റവും പ്രയാസമേറിയ ഗാനം ആലപിച്ചച്ച് കൈതപ്രമടങ്ങുന്ന സംഗീതപ്രതിഭകളെ ഞെട്ടിച്ചത്.

ഗാനത്തിനൊടുവില്‍ കൈതപ്രവും പിന്നണിഗായകരായ അരുന്ധതി, ഭാവനാരാധാകൃഷ്ണന്‍, കെ.കെ നിഷാദ് എന്നിവര്‍ എഴുന്നേറ്റ് നിന്ന് തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. സ്വര്‍ഗീയമായ സംഗീതാസ്വാദനം ലഭിച്ചത് ഇവിടെ നിന്നാണ്. ഇവിടെ താരങ്ങള്‍ ഭിന്നശേഷിക്കുട്ടികളാണ്. അവരെയാണ് ആരാധിക്കേണ്ടതെന്ന് കൈതപ്രം പറഞ്ഞു. കുട്ടികള്‍ക്കായി അദ്ദേഹം തത്സമയം എഴുതിയ മക്കളേ… പൊന്നുമക്കളേ എന്ന ഗാനം കെ.കെ നിഷാദ് മോഹനരാഗത്തില്‍ അപ്പോള്‍ തന്നെ ചിട്ടപ്പെടുത്തി ആലപിച്ചത് കാണികള്‍ക്ക് സംഗീതവിരുന്നായി മാറി.

തുടര്‍ന്ന് ഭാവനാരാധാകൃഷ്ണനും അരുന്ധതിയും കെ.കെ നിഷാദും വിവിധ ഗാനങ്ങള്‍കൊണ്ട് കുട്ടികള്‍ക്കായി സംഗീതസമര്‍പ്പണമൊരുക്കി. ഡിഫറന്റ് ആര്‍ട് സെന്റര്‍, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍, ഷാന്‍ പ്രോപ്പര്‍ട്ടീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സംഗീതപരിപാടി അരങ്ങേറിയത്. ചടങ്ങില്‍ ബ്രിട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സ്വരൂപിച്ച സഹായധനം കൈതപ്രം ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി.

ഷാജന്‍ സ്‌കറിയ, പോള്‍കറുകപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികള്‍, ക്രിസ്തുമസ് ഫ്രണ്ട് തിരഞ്ഞെടുപ്പ് എന്നിവയും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here