തിരുവനന്തപുരം: കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും പ്രവചനാതീതവുമായ തെരഞ്ഞെടുപ്പിന് ഇനി വെറും നാലു ദിവസം മാത്രം. അടുത്ത വ്യാഴാഴ്ചയോടെ കേരളത്തെ ഇനി അഞ്ചുവര്‍ഷത്തേക്ക് ആരുഭരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരും. തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തി നില്‍ക്കേ ഇരുമുന്നണികളും ആത്മവിശ്വാസത്തില്‍ തന്നെ. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രചരണം ആരംഭിച്ച യു.ഡിഎഫ്. പ്രതീക്ഷ അര്‍പ്പിക്കുന്നത് മധ്യതിരുവിതാംകൂറിലാണെങ്കില്‍ എല്‍.ഡി.എഫ്. നേട്ടമുണ്ടാകുമെന്ന് കരുതുന്നത് മലബാറിലാണ്. 76 മുതല്‍ 82 സീറ്റ് വരെയാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നതെങ്കില്‍ 82 സീറ്റിന് മുകളിലാണ് എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ. തെക്കന്‍ കേരളത്തില്‍ മുന്നേറ്റമുണ്ടെന്നും 12 സീറ്റ് വരെ കിട്ടിയേക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.മലപ്പുറവും വയനാടും ഒഴികെ കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുളള ജില്ലകളില്‍ വ്യക്തമായ മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം വിലയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാള്‍ ആറു മുതല്‍ പത്ത് സീറ്റ് വരെ മലബാര്‍ മേഖലയില്‍ കിട്ടുമെന്ന് അവര്‍ കരുതുന്നു.

മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫ്. നേടുന്ന മേല്‍ക്കൈ മലബാറുകൊണ്ട് മറികടക്കാമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്. ഇതോടൊപ്പം തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിനെ മറികടക്കാന്‍ കഴിയുമെന്നും ഇതിലൂടെ ഭൂരിപക്ഷം 80ല്‍ എത്തിക്കാന്‍ കഴിയുമെന്നും എല്‍.ഡി.എഫ്. കരുതുന്നു. മലബാറില്‍ ക്ഷീണം സംഭവിച്ചാലും മധ്യതിരുവിതാംകൂറുകൊണ്ട് മറികടക്കാമെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. മധ്യതിരുവിതാംകൂറില്‍ മാത്രമാണ് ബി.ജെ.പി.ബി.ഡി.ജെ.എസ്. സഖ്യത്തിന്‍റെ വോട്ട് നിര്‍ണ്ണായകമാകുക. എറണാകുളം മുതല്‍ തിരുവനന്തപുരം വയെുളള ജില്ലകളില്‍ ബി.ജെ.പിബി.ഡി.ജെ.എസ്.സഖ്യം പിടിക്കുന്ന വോട്ട് ഏത് മുന്നണിയെ ബാധിക്കുമെന്നതാണ് ചോദ്യമായി അവശേഷിക്കുന്നത്. തെക്കന്‍ കേരളത്തിലാണ് എന്‍.ഡി.എ. സഖ്യം പ്രധാനമായും വിജയപ്രതീക്ഷ പുലര്‍ത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചു മണ്ഡലങ്ങളാണ് എന്‍.ഡി.എ. പ്രതീക്ഷിക്കുന്നത്. മധ്യതിരുവിതാംകൂറില്‍ മൂന്നു മണ്ഡലങ്ങളിലും എന്‍.ഡി.എ. വിജയപ്രതീക്ഷിലാണ്. അമ്പതിലേറെ മണ്ഡലങ്ങളില്‍ വിജയപരാജയം നിശ്ചയിക്കുക എന്‍.ഡി.എ.സ്ഥാനാര്‍ഥികളായിരിക്കുമെന്നാണ് ബി.ജെ.പി. ദേശീയ നേതൃത്വത്തിന്‍റെ വിശ്വാസം. നേതൃത്വത്തിന്‍റെ കണക്കുകൂട്ടലുകള്‍ ഇങ്ങനെ പോകുമ്പോഴും ജനതയുടെ ഉള്ളിലിരിപ്പിനെക്കുറിച്ച് നേതാക്കള്‍ക്കെല്ലാം അങ്കലാപ്പ് ഉണ്ടുതാനും.

LEAVE A REPLY

Please enter your comment!
Please enter your name here