കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ആറാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ഫെബ്രുവരി 8 മുതല്‍ 10 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചിയെ ഷിപ്പ് റിപ്പയര്‍, ഷിപ്പ് ബില്‍ഡിംഗ് വ്യവസായങ്ങളുടെ ഹബ്ബാക്കാന്‍ പോന്ന 4000 കോടി രൂപയുടെ പദ്ധതികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആസ്ഥാനമായി കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തതതിന്റെ പശ്ചാത്തലത്തില്‍ ഐബിഎംസിന്റെ ആറാമത് പതിപ്പിന് വര്‍ധിച്ച പ്രസക്തിയുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു പുറമെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും എംഎസ്എംഇ മേഖലയെ പിന്തുണയ്ക്കുന്നതിനും ഈ പദ്ധതികള്‍ വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതു കണക്കിലെടുത്ത് റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മറ്റ് സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ വ്യവസായ മേഖലകളില്‍ നിന്നുമുള്ളവര്‍ ഐബിഎംസിന്റെ ആറാമത് പതിപ്പില്‍ പങ്കെടുക്കും. ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കുപരി എല്ലാത്തരത്തിലുമുള്ള ജലവിനോദങ്ങളും മേളയില്‍ അണിനിരക്കും. ’60ലേറെ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. 5000ത്തിലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു,’ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

കേരള സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുളഅള എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, എസ്എന്‍സി ഡിടിപിസി, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ട്. ഇതിനു പുറമെ ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐബിഎംസിന്റെ ഭാഗമാകും.

മേളയുടെ രണ്ടാം ദിവസം വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം (വിഡിപി) എന്‍എസ്ഐസി സംഘടിപ്പിക്കും. ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ആത്മ ഭാരത് സ്‌കീമിനു കീഴില്‍ ഇത്തരത്തില്‍പ്പെട്ട വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയോട് അവരുടെ ഉല്‍പ്പന്ന, സേവന ആവശ്യങ്ങള്‍ അവതരിപ്പിക്കണമെന്നതിന്റെ പശ്ചാത്തലത്തിലാണ് വിഡിപി..

ജലവിനോദങ്ങളുടെ രംഗത്തും കേരളത്തിന് ഒട്ടേറെ സാധ്യതകളുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. കെഎംആര്‍എലിന്റെ വാട്ടര്‍ മെട്രോ വന്‍ജനപ്രീതിയാര്‍ജിച്ചതും നേട്ടമാണ്. ഇതേത്തുടര്‍ന്ന് ജില്ലയുടെ ഉള്‍നാടന്‍ ബോട്ടിംഗ്, മറൈന്‍ മേഖലകള്‍ ആഗോള നിലവാരത്തില്‍ വികസിപ്പിക്കെടാനുള്ള സാധ്യതകളും തുറക്കുകയാണ്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ഈ രംഗത്ത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കെഎംആര്‍എല്‍, ഐആര്‍സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന സംയുക്ത പരിശ്രമങ്ങള്‍ക്കും മേള പിന്തുണയേകും.

മികച്ച ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള മറീനകള്‍, ജലവിനോദങ്ങള്‍, വിവിധ തരത്തില്‍പ്പെട്ട വാട്ടര്‍ സ്പോര്‍ട്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉപകരണ ലഭ്യതയുമുണ്ടെങ്കില്‍ ഇന്ത്യയും വിശേഷിച്ച് കേരളവും ആഗോള വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്രൂയ്സിംഗ്, ഉള്‍നാടന്‍ സ്പോര്‍ട്സ് തുടങ്ങിയവയുടെ ആ്ദ്യലക്ഷ്യസ്ഥാനമാകും.

ലീഷര്‍, റെസ്‌ക്യു ബോട്ടിംഗ്, വാട്ടര്‍ സ്പോര്‍ടസ് ടൂറിസം, കയാക്ക്സ് തുടങ്ങിയവയ്ക്കുള്ള രാജ്യത്തെ ഏക ട്രേഡ് ഷോയാണ് ഐബിഎംഎസെന്നും സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഒട്ടേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ അവതരിപ്പിക്കാനിരിക്കെ ഈ മേഖലയ്ക്ക് വന്‍കുതിപ്പേകാനും മേള വഴി തുറക്കുമെന്നും അവര്‍ പറഞ്ഞു.

എംപി ടൂറിസം, യുപി ടൂറിസം, തെലങ്കാന ടൂറിസം, ലക്ഷദ്വീപ് ടൂറിസം തുടങ്ങി രാജ്യത്തെ പ്രമുഖ ടൂറിസം ബോര്‍ഡുകള്‍ മേളയ്ക്ക് പ്രതിനിധികളെ അയക്കും. ഇവയ്ക്കു പുറമെ മാലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയ്ക്കെത്താന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവിധ വാട്ടര്‍ സ്പോര്‍ട്സ്, ലീഷര്‍ ബോട്ട് ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് ഇവരുടെ വരവ്.

ഐബിഎംസിന്റെ അഞ്ച് പതിപ്പുകള്‍ വിജയകരമായി നടത്തിയ കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സോപോസാണ് മേളയുടെ സംഘാടകര്‍. ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ ബോട്ട് ഷോകളില്‍ ഇന്ത്യന്‍ പവലിയന്റെ സംഘാടകരുമാണ് കമ്പനി. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബി2ബി പ്രദര്‍ശന സംഘാടന സ്ഥാപനമായി വളരാനും ക്രൂസ് എക്സ്പോസിനു കഴിഞ്ഞിട്ടുണ്ട്.

ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍എസ്ഐസി സ്റ്റേറ്റ് ഹെഡ് പോള്‍ ബ്രൈറ്റ് സിംഗ്, സമുദ്ര ഷിപ്പ് യാര്‍ഡ് എംഡി എസ് ജീവന്‍, വാലെത്ത് ബോട്ട് യാര്‍ഡ് എംഡി പീറ്റര്‍ വാലെത്ത്, മറൈന്‍ എന്‍ജിനീയേഴ്സ് സംഘടനയുടെ പ്രസിഡന്റ് പ്രൊഫ. കെ എ സൈമണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here