പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. വൈകുന്ന ഓരോ നിമിഷവും കേസന്വേഷണത്തെ ബാധിക്കും. കാലതാമസത്തിന് ആരാണ് ഉത്തരവാദി എന്നും കോടതി ചോദിച്ചു.

സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് രേഖകൾ കൈമാറാൻ  18 ദിവസത്തെ കാലതാമസമുണ്ടായെന്ന് സിദ്ധാർഥന്റെ പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിർദേശിച്ചത്. ഡൽഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം സിബിഐ അന്വേഷണത്തിനുള്ള  വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത്. കേസ് സിബിഐയക്ക്  വിടാനുണ്ടാകുന്ന ഓരോ ദിവസത്തെയും കാലതാമസം ഹർജിക്കാരന് ആശങ്കയും മുൻവിധിയുമുണ്ടാക്കുമെന്നും, പ്രതികൾക്ക് സഹായകമാകുമെന്നും ചൂണ്ടികാട്ടിയാണ് നടപടി. ഹർജി വീണ്ടും ഈ മാസം 9ന് പരിഗണിക്കും.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയപ്രകാശ് സമർപ്പിച്ച ഹർജിയിൽ നിർണായക ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം മാർച്ച് 9 ന് പുറപ്പെടുവിച്ചിട്ടും  എന്തുകൊണ്ടാണ് രേഖകൾ കൈമാറാൻ വൈകിയതെന്ന് കോടതി ചോദിച്ചു. മാർച്ച് 26ന് രേഖകൾ കൈമാറിയെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ക്ലറിക്കൽ ജോലികൾ മാത്രമായിരുന്നില്ലേ ഇതെന്നും, വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും ചോദ്യമുയർന്നു. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ബോധപൂർവമായ ശ്രമം നടന്നെന്നായിരുന്നു ഹർജിയിൽ ആരോപണം. 

LEAVE A REPLY

Please enter your comment!
Please enter your name here