തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയുമായി എല്‍.ഡി.എഫ്. പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപ്പിറ്റലിനേക്കുറിച്ചുള്ള വിവരങ്ങള്‍ പോലും ഉള്‍പ്പെടുത്തിയില്ലെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. എന്നാല്‍ എല്ലാം നിയമപരമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

29 കോടി 9 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വാഹനമായി ആകെയുള്ളത് മുപ്പത് വര്‍ഷം മുന്‍പ് പതിനായിരം രൂപക്ക് വാങ്ങിയ 1942 മോഡല്‍ റെഡ് ഇന്ത്യന്‍ സ്കോട് ബൈക്കാണത്രേ. ഈ വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ചാണ് എല്‍.ഡി.എഫ് പരാതി നല്‍കിയത്. കോടികള്‍ സ്വത്തുണ്ടായിട്ടും 2021–22 കാലഘട്ടത്തില്‍ നികുതിയടച്ചത് വെറും 680 രൂപ. രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റര്‍ ക്യാപിറ്റലിനേക്കുറിച്ച് വെളിപ്പെടുത്തുന്നുമില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ നാമനിര്‍ദേശ പത്രിക തള്ളണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ രാജീവ് ആരോപണങ്ങളെല്ലാം നിഷേധിച്ചു.

കമ്പനിയേക്കുറിച്ച് വെളിപ്പെടുത്താത്തത് എന്താണെന്നുള്ള ചോദ്യത്തിന് എല്ലാം നിയമപരം എന്നതിന് അപ്പുറത്തേക്ക് വിശദ മറുപടിയില്ല. നേരത്തെ സുപ്രീംകോടതി അഭിഭാഷകയും സമാന പരാതി ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here