ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ വടകരയില്‍ പ്രത്യേക സേനാവിന്യാസം. അതീവ പ്രശ്ന ബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടകരയിലെ വിജയാഹ്ലാദ പരിപാടികള്‍ നേരത്തെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ട് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞയും പ്രഖ്യാപിച്ചു.

വന്‍ സുരക്ഷസംവിധാനമാണ് വോട്ടെണ്ണലിനോട് അനുബന്ധിച്ച് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്. ജില്ലാ വരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഏഴ് ഘട്ടമായാണ് ഇക്കുറി രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. മണിക്കൂറുകൾക്കകം തന്നെ ലീഡ് നിലയും ട്രെൻഡും അറിയാനാകും.

എക്സിറ്റ് പോളുകൾ വൻവിജയം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.  295 സീറ്റ് ഉറപ്പാണെന്ന് ഇന്ത്യ സഖ്യവും അവകാശപ്പെടുന്നു. വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് വാർത്താസമ്മേളനം നടത്തും.  വോട്ടെണ്ണലിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന ഇന്ത്യാ സഖ്യത്തിന്റെയും ഇതിനെതിരെ ബിജെപിയുടെയും പരാതികളിൽ കമ്മീഷൻ പ്രതികരിക്കാനിടയുണ്ട്.  ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെ നടക്കും.