ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ സംഘര്‍ഷങ്ങളില്ലാതെ വോട്ടെടുപ്പ് നടന്നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികളില്‍ 90% പരിഹരിച്ചു. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റര്‍ പരിശോധിച്ചെന്നും ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍‍ഡാണെന്നും അദ്ദേഹം പറഞ്ഞു. 31.2 കോടി വനിതകളാണ് വോട്ട് ചെയ്തത്. ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയെന്നും കമ്മിഷന്‍ പറഞ്ഞു.