വോട്ടെണ്ണലിനായി ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത് എന്നും വോട്ടെണ്ണല്‍ പൂര്‍ണമായും ചിത്രീകരിക്കുമെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റടക്കം സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. സ്ഥാനാര്‍ഥികള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. തപാല്‍വോട്ടുകള്‍ ആദ്യമെണ്ണുകയെന്ന പതിവ് തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
അതേസമയം, വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വാര്‍ത്തകളുണ്ടായതില്‍ കടുത്ത അതൃപ്തിയും കമ്മിഷന്‍ അറിയിച്ചു. കമ്മിഷനെ കുറിച്ച് കള്ളപ്രചാരണമുണ്ടാകുമെന്ന് കരുതിയില്ലെന്നും  നുണകളുെട നിരന്തര പ്രചാരണമാണ് ഉണ്ടായതെന്നും കമ്മിഷന്‍ ആരോപിച്ചു. ഇങ്ങനെയൊരു സാഹചര്യം കമ്മിഷന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അത് മുന്‍കൂട്ടിക്കാണുന്നതില്‍ വീഴ്ച പറ്റിയെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജീവ് കുമാര്‍ പറഞ്ഞു. പോളിങ് ശതമാനം നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മിഷന്‍ വിചാരിച്ചാല്‍ പോളിങ് ശതമാനം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂറത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ കമ്മിഷന്‍ തള്ളി. സ്ഥാനാര്‍ഥിയെ നിര്‍ബന്ധിപ്പിച്ച് പത്രിക പിന്‍വലിച്ചാല്‍ മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂവെന്നും കമ്മിഷന്‍ വ്യക്തമാക്കി. വലിയ സംഘര്‍ഷങ്ങളില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികളില്‍ 90% പരിഹരിച്ചു. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റര്‍ പരിശോധിച്ചെന്നും ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍‍ഡാണെന്നും അദ്ദേഹം പറഞ്ഞു. 31.2 കോടി വനിതകളാണ് വോട്ട് ചെയ്തത്. ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയെന്നും കമ്മിഷന്‍ വിശദീകരിച്ചു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തലേന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്തസമ്മേളനം വിളിക്കുന്നത്.