വളരെ വലിയ ട്വിസ്റ്റുകള്‍ക്കൊടുവിലായിരുന്നു ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് നേടിയത്. വര്‍ക്കല എംഎല്‍എയും സിപിഎം നേതാവുമായ വി.ജോയിയെയാണ് അടൂര്‍ പ്രകാശ് തോല്‍പ്പിച്ചത്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശ് നേടിയത്.

പൂവച്ചല്‍, കുറ്റിച്ചല്‍ മേഖലകളാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ വി.മുരളീധരന്‍ പിടിച്ച വോട്ടുകളാണ് മല്‍സരം നിര്‍ണായകമാക്കിയത്. 307,133 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി നേടിയത്. ഇതോടെ കേരളത്തിലെ മല്‍സര ചിത്രം പൂര്‍ണമായി. യുഡിഎഫ് 18 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും ഒരോ സീറ്റുകളില്‍ ഒതുങ്ങി.

അടൂര്‍ പ്രകാശിന്‍റെ രണ്ട് അപരന്‍മാര്‍ 2500ല്‍ പരം വോട്ട് നേടിയത് ഭൂരിപക്ഷം കുറച്ചതില്‍ പ്രധാനമായി. അടൂര്‍ പ്രകാശന്റെ വിജയത്തോടെ വര്‍ക്കലയില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യതയും ഇല്ലതായി.

2019ല്‍ ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ട് വിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 380995 വോട്ടു നേടിയപ്പോൾ സിപിഎം സ്ഥാനാർഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകൾ. അടൂർ പ്രകാശിന്റെ ഭൂരിപക്ഷം 38247 വോട്ട്. വോട്ട് വിഹിതം വർധിച്ചതോടെ മണ്ഡലത്തിൽ ബിജെപിയുടെ താൽപര്യം വർധിച്ചു. കേന്ദ്രസഹമന്ത്രി വി.മുരളീധരൻ ഈ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം മൂന്നുലക്ഷത്തിനു മുകളിലെത്തിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം.