എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ (39)  11-ാം ചരമവാര്‍ഷികം സഹപ്രവർത്തകർ അനുസ്മരിച്ചു.കുട്ടനാട് നേച്ചർ  സൊസൈറ്റിയുടെയും ആൻ്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തിൽ കല്ലറയിലും ‘മഴമിത്ര ‘ത്തിലും  പുഷ്പാർച്ചന നട ത്തി.അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ഉദ്‌ഘാടനം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭാ കവി സിപി  ചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആചാര്യ അവാർഡ് നേടിയ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി വൈസ് പ്രസിഡന്റ് ജി. രാധാകൃഷ്ണനെ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് ആദരിച്ചു.ലയൺസ് ക്ളബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രശസ്തി പത്രവും നല്കി. ഫല വൃക്ഷ തൈ വിതരണോദ്ഘാടനം എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജി. ജയചന്ദൻ ആന്റപ്പൻ അമ്പിയായത്തിന്റെ സഹോദരൻ   അനിൽ ജോർജ്ജിന്  നല്കി ഉദ്ഘാടനം ചെയ്തു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തoഗം അജിത് പിഷാരത്ത്, കുട്ടനാട് നേച്ചർ  സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ്  വർഗ്ഗീസ്, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ജേക്കബ് സെബാസ്റ്റ്യൻ,  ബാലകൃഷ്ണന്‍ എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ  സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള ശ്രമത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞ  ആന്റപ്പൻ അമ്പിയായത്തിന്റെ ഹരിത ചിന്തകൾക്ക് സ്മരണ പുതുക്കി സുഹൃത്തുക്കൾ ഫലവൃക്ഷ തൈ നദി തീര ങ്ങളിൽ നട്ടു.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട്  ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക്  അപകടത്തിലൂടെയാണ്  ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്.