എടത്വ:  ടൗണിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി   കുത്തിയിരിപ്പ് സമരം ഉൾപ്പെടെ എടത്വ വികസന സമിതി  നടത്തിയെങ്കിലും അധികൃതർ ഇതൊന്നും അറിഞ്ഞില്ലയെന്ന ഭാവത്തിലാണ്.

കൊടിക്കുന്നിൽ സുരേഷ്  എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന്  അനുമതി നല്കിയിട്ടും  അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം  ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്കാണ് നിർവഹണ ചുമതല.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നല്കിയ വിവരവകാശരേഖയിലാണ്  ഇത് വൃക്തമാക്കുന്നത്.റോഡ് വികസനത്തിന്റെ പേരില്‍  ടൗണിൽ ഉണ്ടായിരുന്ന തണൽ മരവും വെട്ടിക്കളഞ്ഞു. മഴക്കാലം ശക്തമായതോടെ  ജനം ദുരിതത്തിലാണ്.

എടത്വാ പാലത്തിലെ  ഗതാഗത  തടസ്സം ശാശ്വതമായി പരിഹരിക്കാൻ പാലത്തിന്റെ വശങ്ങളില്‍  നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക്  എടത്വ വികസന സമിതി നിവേദനം നല്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ  എന്നിവ ഉള്ളതിനാൽ പ്രതിദിനം നൂറ്‌ കണക്കിന്‌ ആളുകൾ കടന്നുപോകുമ്പോൾ   ശക്തമായ ഗതാഗത കുരുക്കാണ് ഇവിടെ സംഭവിക്കുന്നത്. പാലത്തിലെ കേബിൾ പൈപ്പുകൾ അടിയന്തിരമായി  മാറ്റി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി   ആവശ്യപെട്ടു.എടത്വ പാലത്തിന്റെ  വശത്ത് നടപ്പാത നിർമ്മിക്കുന്ന പ്രവർത്തി  മൂന്നാം ഘട്ടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ആയതിന്റെ ചുമതല കെആർഎഫ്ബി ആലപ്പുഴയ്ക്കാണ്.  അതിന് മുന്നോടിയായിട്ടാണ് പാലത്തിന്റെ കൈവരികളിലൂടെ  ചേർന്ന് കടന്ന് പോകുന്ന ടെലിഫോൺ കേബിളുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് കുഴലുകൾ  മാറ്റി സ്ഥാപിക്കുവാൻ  കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ബിഎസ്എൻഎൽ ഓഫി സിലേക്ക്  2022 മാർച്ച്  2നും 2022 സെപ്‌റ്റംബർ 16 നും  നിർദ്ദേശം നല്കിയെങ്കിലും യാതൊരു പ്രവൃത്തിയും നടത്തിയിട്ടില്ല.

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുടെ ഒന്നാം ഘട്ടത്തിൻ്റെ അടങ്കൽ തുക 70.75 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 2020 ജനുവരി 15ന്  ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം  പൂർത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി  15ന് അവസാനിക്കുകയും ചെയ്തു.

രണ്ടാം ഘട്ടത്തിൻ്റെ  അടങ്കൽ തുക 46.40 കോടി രൂപയാണ്.ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാർ  ഏറ്റെടുത്തത്. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു.പരിപാലന കാലാവധി 2025 ഡിസംബർ 1ന് അവസാനിക്കുമെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു.