ബാര്‍ കോഴയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ടൂറിസം സെക്രട്ടറി എന്തിനാണ് മദ്യനയത്തെ കുറിച്ച് യോഗം നടത്തുന്നതെന്ന് റോജി. എം. ജോണ്‍ ചോദ്യമുയര്‍ത്തി. മന്ത്രി മുഹമ്മദ് റിയാസാണോ എക്സൈസിനെ നിയന്ത്രിക്കുന്നത്? എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തുവെന്നും റോജി ആരോപിച്ചു.  മദ്യനയത്തില്‍ പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്‍റെ മറുപടി. ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം നോക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി വിമര്‍ശിച്ചു. എന്നാല്‍ കുഞ്ഞ് ജനിച്ചുവെന്നും അച്ഛനാരെന്ന് അന്വേഷിച്ചാല്‍ മതി, ശ്രദ്ധിക്കണ്ടേ അമ്പാനെ എന്നായിരുന്നു റോജി. എം. ജോണിന്‍റെ മറുപടി.

52 ഡ്രൈഡേകള്‍ പിന്‍വലിച്ചതും ലൈസന്‍സ് ഫീസ് കുറച്ചതും യു.ഡി.എഫ് ആണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് മുന്‍കാല പ്രാബല്യത്തോടെ ശ്രദ്ധിക്കണ്ടേ അമ്പാനേ എന്ന് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തും ടൂറിസം വകുപ്പ് ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ കര്‍മഫലം അനുഭവിക്കുമെന്നും ഇപ്പോള്‍ ബാര്‍കോഴയിലൂടെ മദ്യനയം അട്ടിമറിച്ചിട്ടും അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും റോജി തിരിച്ചടിച്ചു. അനിമോന്‍റെ ശബ്ദസന്ദേശത്തില്‍ ആരോപണപണ വിധേയരെ ചോദ്യം ചെയ്തോയെന്നും അദ്ദേഹം ചോദിച്ചു. പണം പിരിച്ചത് ആര്‍ക്ക് കൊടുക്കാനാണെന്ന് വ്യക്തമാണ്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കേസാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബാര്‍കോഴയില്‍  ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി.