കുവൈത്ത് പ്രശ്നത്തിൽ കേന്ദ്രം വളരെ നന്നായിത്തന്നെ ഇടപെട്ടെന്നും, ആരോഗ്യമന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നല്‍കാത്തത് ശരിയായില്ലെങ്കിലും ഇപ്പോള്‍ ഉന്നയിക്കുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കുവൈത്ത് സര്‍ക്കാരും ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് നല്‍കുമെന്ന് കരുതുന്നു. ഫലപ്രദമായ നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ദുരന്തമുണ്ടായ കുവൈത്തിലേക്ക് പോകാന്‍ സംസ്ഥാന ആരോഗ്യമന്ത്രിയെ അനുവദിക്കാതിരുന്നത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സംസ്ഥാനത്തിന്‍റെ പ്രതിനിധി കൂടി അവിടെ വേണമായിരുന്നുവെന്ന് വി.ഡി.സതീശന്‍ പറ‌ഞ്ഞു.

കുവൈത്തിലേക്ക് മന്ത്രി വീണാ ജോര്‍ജ് പോകേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. വിവാദം അനാവനശ്യമാണെന്നും ഏകോപനത്തിന് യാതൊരു കുറവുമുണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.ആരോഗ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്തിന് ചെയ്യാനാകുക ഫെഡറലിസത്തിന് അകത്തുനിന്നുള്ള കാര്യങ്ങള്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു.