ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രഥമ ഹ്രസ്വചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തുതിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മെമെന്റോയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളുമാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. കോഴിക്കോട് സ്വദേശി ഷമില്‍രാജ് സംവിധാനം ചെയ്ത ഇസൈ-ദ വോയ്സ് ഓഫ് അണ്‍ഹേര്‍ഡ് എന്ന ഷോര്‍ട്ട് ഫിലിമാണ് ഒന്നാം സ്ഥാനം നേടിയത്. ഷമില്‍രാജിനുള്ള പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ വിതരണം ചെയ്തു.

രണ്ടാം സ്ഥാനം നേടിയ വിന്‍ഡ് ചൈംസ് എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ കോഴിക്കോട് സ്വദേശി ബിജു സീനിയയ്ക്ക് ഗായകന്‍ ജി.വേണുഗോപാലും മൂന്നാം സ്ഥാനം നേടിയ മിഷേല്‍ എന്ന ചിത്രത്തിന്റെ സംവിധായിക സന്ധ്യയ്ക്ക് എഴുത്തുകാരന്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസും ഡോക്യുമെന്ററി വിഭാഗത്തില്‍ തിരഞ്ഞെടുത്ത മാജിക് ഓഫ് റിഥംസിന്റെ സംവിധായകന്‍ കാഞ്ഞിരംപാറ രവിക്ക് ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും പുരസ്‌കാരങ്ങള്‍ കൈമാറി. മാജിക് പ്ലാനറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഡി.എ.സി ഡയറക്ടര്‍ ഷൈലാതോമസ് സ്വാഗതം പറഞ്ഞു. ഭിന്നശേഷി വിഭാഗത്തെ ആസ്പദമാക്കിയുള്ള, സമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങളടങ്ങിയ ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. നിരവധി എന്‍ട്രികളില്‍ നിന്നും വിദഗ്ദ്ധ പാനലാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

ചിത്രങ്ങള്‍ ഒക്ടോബറില്‍ നടക്കുന്ന ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫെയ്‌സ് ടു ഫെയ്‌സ് പരിപാടിയില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ സൗജന്യമായി സന്ദര്‍ശിക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ ഗോപിനാഥ് മുതുകാട് നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിയാളുകളാണ് രജിസ്റ്റര്‍ ചെയ്തത്. സന്ദര്‍ശകര്‍ക്ക് മാജിക് പ്ലാനറ്റിലെയും ഡി.എ.യിയിലെയും വിസ്മയങ്ങള്‍ക്കുപുറമെ ചലച്ചിത്ര പിന്നണിഗായകരായ പി.വി പ്രീത, ജി.ശ്രീറാം, പി.സുശീലാദേവി, കണ്ണന്‍നായര്‍ എന്നിവരുടെ സംഗീതവിരുന്നും പുതു അനുഭവമായി.