കൊച്ചി: മുവാറ്റുപുഴ സീഡ് – എപിജെ അബ്ദുല്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈന്‍ സംഘടിപ്പിക്കുന്ന സീഡ്സ്‌കേപ്പ് പ്രദര്‍ശനത്തിന്റെ അഞ്ചാം എഡിഷന് ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ തുടക്കമായി. പ്രമുഖ ആര്‍ക്കിടെക്ടുകളായ ലിജോ ജോസ്, റെനി ലിജോ, ജില്‍സ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് ശനിയാഴ്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ക്രീയേറ്റീവ് കളക്ടീവാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

2023-24 അധ്യയന വര്‍ഷത്തില്‍ കോളേജിലെ മുഴുവന്‍ ബാച്ചിലുമുള്ള 120ലേറെ വിദ്യാര്‍ഥികള്‍ ചെയ്ത പ്രൊജെക്ടുകളില്‍ നിന്ന് തിരഞ്ഞെടുത്ത 550ഓളം സൃ്ഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.വാസ്തുനിര്‍മിതി ഭാഷയുടെ അടിസ്ഥാനം, കെട്ടിടവും ഭൂമിയും തമ്മിലുള്ള ബന്ധം, കാലാവസ്ഥാനുകൂല രൂപകല്പനകള്‍, നഗരരൂപകല്പന തുടങ്ങിയ വിഷയങ്ങളിലധിഷ്ഠിതമായ മാതൃകകളാണ് പ്രദര്‍ശനത്തിലുള്ളത്.ചിത്രങ്ങള്‍, വീഡിയോ ഇന്‍സ്റ്റലേഷനുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിലുള്‍പ്പെടുന്നു.

പ്രശസ്ത ഗ്രാഫിക് ഡിസൈനര്‍മാര്‍, ചലച്ചിത്ര സംവിധായകര്‍, സാമൂഹ്യ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംവാദങ്ങളും ആര്‍ക്കിടെക്ചര്‍ മേഖലയുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.വിഖ്യാത ആര്‍കിടെക്റ്റും പ്രിറ്റ്‌സ്‌ക്കര്‍ പുരസ്‌കാര ജേതാവുമായ ഷിഗെരൂ ബാന്‍ ജൂണ്‍ 21ന് പ്രദര്‍ശനം സന്ദര്‍ശിക്കും. ജൂണ്‍ 23ന് പ്രദര്‍ശനം സമാപിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെയാണ് ഗാലറി സമയം