തിരുവനന്തപുരം ∙ പതിനാലാം നിയമസഭയില്‍ 60 കോടീശ്വരന്മാര്‍. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സ്വത്തുവിവരങ്ങളനുസരിച്ചാണ് എംഎല്‍‌എമാരിലെ സമ്പന്നരെ കണ്ടെത്തിയത്. 93 കോടിയുടെ സ്വത്തുള്ള കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയാണ് ആസ്തിയില്‍ ഒന്നാമന്‍. കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷമാണ് മുന്നിലെങ്കിലും ആസ്തിയുടെ കാര്യത്തില്‍ ഭരണപക്ഷമാണ് സമ്പന്നം.

പതിനാലാം നിയമസഭയിലേക്ക് മല്‍സരിച്ചവരില്‍ ഒരുകോടി രൂപയിലധികം മൂല്യമുള്ള ആസ്തി ഉണ്ടായിരുന്നത് 202 പേര്‍ക്കാണ്. ഇതില്‍ 60 പേര്‍ വിജയിച്ചു. എണ്ണമെടുത്താല്‍ പ്രതിപക്ഷത്താണ് കോടീശ്വരന്മാര്‍ കൂടുതലുള്ളത്. 34 പേര്‍. പതിനഞ്ച് മുസ്‍ലിംലീഗ് എംഎല്‍എമാരും 14 കോണ്‍ഗ്രസുകാരും. ഭരണപക്ഷത്ത് 25 പേരാണ് സമ്പത്തില്‍ മുന്നില്‍. എന്നാല്‍ സമ്പത്തിന്റെ അളവ് കൂടുതലുള്ളത് ഇവര്‍ക്കുതന്നെയാണ്. ഒന്നാമത് എന്‍സിപി അംഗം തോമസ് ചാണ്ടി. ആസ്തി മൂല്യം 92 കോടി 38 ലക്ഷം

ബേപ്പൂരിലെ സിപിഎം എംഎല്‍എ വി.കെ.സി. മമ്മദ് കോയയാണ് സഭയിലെ സമ്പന്നരില്‍ രണ്ടാമത്. 30 കോടി 42 ലക്ഷമാണ് ആസ്തി. ഇടതുപക്ഷത്തേക്ക് വന്ന കെ.ബി.ഗണേഷ·് കുമാറിന് 22 കോടി 22 ലക്ഷത്തിന്റെ സ്വത്തുണ്ട്. മുന്‍മന്ത്രി മഞ്ഞളാംകുഴി അലി 20 കോടി 27 ലക്ഷം, നിലമ്പൂരിലെ സിപിഎം സ്വതന്ത്രനും വ്യവസായിയുമായ പി.വി.അന്‍വര്‍ 14 കോടി 39 ലക്ഷം. സമ്പന്നരുടെ പട്ടികയില്‍ ആറാമത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ.മുരളീധരനാണ്. ആസ്തിമൂല്യം 13 കോടി 5 ലക്ഷം. നടന്‍ മുകേഷും മുന്‍മന്ത്രി അടൂര്‍ പ്രകാശും താനൂരിലെ സിപിഎം സ്വതന്ത്രന്‍ വി.അബ്ദുറഹ്മാനും മുന്‍മന്ത്രി അനൂപ് ജേക്കബും ആദ്യ പത്തില്‍ ഇടംപിടിച്ചു.

60 പേരുടെ പട്ടികയില്‍ 57-ാമത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. ഒരു കോടി ഏഴ് ലക്ഷത്തി 16,684 രൂപയാണ് പിണറായിയുടെ ആസ്തി മൂല്യം. ഉടുമ്പഞ്ചോല എംഎല്‍എ എംഎം മണി, മുന്‍മന്ത്രിമാരായ എ.കെ.ബാലന്‍, രമേശ് ചെന്നിത്തല, കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എസ്.ശര്‍മ തുടങ്ങിയവരൊക്കെ ഉള്‍പ്പെട്ടതാണ് പതിനാലാം നിയമസഭയിലെ കോടിപതികളുടെ പട്ടിക. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആണ് സ്ഥാനാര്‍ഥികളുടേയും എംഎല്‍എമാരുടേയും സ്വത്തുവിവരങ്ങള്‍ ക്രോഡീകരിച്ച് പട്ടിക തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here