jisha-sister.jpg.image.485.345കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ അന്വേഷണസംഘവും ഇരുട്ടില്‍ത്തന്നെ. ഇതേത്തുടര്‍ന്ന് ജിഷയുടെ കുടുംബാംഗങ്ങളെ കൂടുതല്‍ കര്‍ക്കശമായി ചോദ്യംചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. ജിഷയുടെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ ഉടന്‍ ചോദ്യംചെയ്യും. മൊഴിയെടുപ്പ് ചോദ്യംചെയ്യലായി മാറ്റാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മുമ്പ് പലതവണ മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ ജിഷയുടെ അമ്മ രാജേശ്വരിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജിഷയുടെ സൃഹൃത്തുക്കള്‍, മറ്റ് പരിചയക്കാര്‍ എന്നിവരെക്കുറിച്ചും വ്യക്തമാക്കിയിട്ടില്ല. പൊലീസിനോട് വേണ്ടവിധം സഹകരിക്കാത്തതും ദുരൂഹതയുണര്‍ത്തിയിരുന്നു. നേരത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റ 20 മിനിറ്റോളം രാജേശ്വരിയുമായി സംസാരിച്ചുവെങ്കിലും അന്വേഷണത്തിന് സഹായകരമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്് രാജേശ്വരിയെ വിശദമായി ചോദ്യംചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നത്.

കൊലപാതകംനടന്ന് ഒന്നരമാസം പിന്നിട്ടിട്ടും ബന്ധുക്കളില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പെരുമ്പാവൂര്‍ ഗവ. ആശുപത്രിയിലാണ് രാജേശ്വരി നിലവില്‍ കഴിയുന്നത്. മരണദിവസം ജിഷ വീട്ടിലുണ്ടായിരുന്ന ബ്രെഡും പഴവും മാത്രമേ കഴിച്ചിരുന്നുള്ളൂ എന്നാണ് അമ്മ നേരത്തെ മൊഴി നല്‍കിയത്. എന്നാല്‍ ജിഷയുടെ വയറ്റില്‍ ഫ്രൈഡ് റൈസിന്റെ അവശിഷ്ടങ്ങള്‍ , പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. അമ്മ ഇപ്പോള്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍വച്ച് ചോദ്യം ചെയ്യുന്നത് സുരക്ഷിതമല്ലെന്നുകണ്ട് രഹസ്യകേന്ദ്രത്തിലേക്ക് ഇവരെ മാറ്റാന്‍ പദ്ധതിയുണ്ട്. ഇതിനായി പെരുമ്പാവൂരില്‍ ഒരു വീട് വാടകയ്‌ക്കെടുത്തതായി സൂചനയുണ്ട്.

അതിനിടെ ജിഷയുടെ കൊലയാളി നടന്നുപോയ വഴിയിലെ ആളൊഴിഞ്ഞ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. മഞ്ഞ ഷര്‍ട്ടണിഞ്ഞ ആളെ സംഭവശേഷം ഈ വീടിനടുത്തു കണ്ടവരുണ്ട്. കൊലപാതകത്തിനു ശേഷം കനാല്‍ വഴി റോഡില്‍ കയറിയ ഇയാള്‍ രാത്രി വരെ ഈ വീട്ടില്‍ ഒളിച്ചിരിക്കാമെന്ന സംശയത്തേ തുടര്‍ന്നായിരുന്നു പരിശോധന. ജിഷയുടെ വീട്ടില്‍ നിന്ന് അമ്പതു മീറ്റര്‍ അകലെയുള്ള കാടുപിടിച്ച പറമ്പിലാണ് ഈ വീട്. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത ഈ വീടിന്റെ മേല്‍ക്കൂരയുടെ ഓടുകള്‍ പൊട്ടിക്കിടക്കുന്നതു നാട്ടുകാരില്‍ സംശയം വര്‍ധിപ്പിച്ചു. സമീപത്തുള്ള മരത്തിനോടു ചേര്‍ന്ന് ഓടിനു പൊട്ടലുള്ളതും തൊട്ടടുത്തുള്ള രണ്ട് ഓടുകള്‍ ഇളക്കിമാറ്റിയ അവസ്ഥയിലുമാണെന്ന കാര്യം നാട്ടുകാരാണു പോലീസിനെ അറിയിച്ചത്. വീടിന്റെ വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. ആയുധമോ വസ്ത്രങ്ങളോ മറ്റെന്തെങ്കിലും തെളിവുകളോ ഇവിടെനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പെരുമ്പാവൂരിലെ ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ തൊഴിലാളികളുടെ ദേഹപരിശോധന നടത്തി. ജിഷയുടെ വീടിനു സമീപത്തെ സ്‌കൂളില്‍ നിര്‍മാണ ജോലി ചെയ്തിരുന്നവരെയാണ് പരിശോധിച്ചത്. ഇവരുടെ ദേഹത്ത് സംശയകരമായ എന്തെങ്കിലും മുറിവോ പാടോ ഉണ്ടോ എന്നാണ് പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ ഇതിലൊന്നും നിര്‍ണായകമായൊരു തെളിവ് ലഭിച്ചില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here