k-babu-tholvi_561402തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ ആരോപണത്തിന്റെ ഭാവി സംബന്ധിച്ചും ആകാംക്ഷയുയരുന്നു. ബാര്‍ കോഴക്കേസില്‍ പ്രധാന കണ്ണിയെന്ന് കരുതപ്പെടുന്ന മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരിടവേളയ്ക്കുശേഷം ബാര്‍ കോഴ ആരോപണം പൊതുജന ശ്രദ്ധയിലേക്ക് കടക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് കോടിക്കണക്കിന് രൂപയുടെ ബാര്‍ കോഴ ആരോപണത്തിന് വിധേയനായ കെ ബാബുവിനെതിരെ ത്വരിത അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ കെ ബാബു ചെയ്തിട്ടുള്ള മുഴവന്‍ നടപടികളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാതി പരിഗണിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ബാറുടമകളില്‍ നിന്ന് 10 കോടി രൂപ ബാബു കോഴവാങ്ങിയതായി മന്ത്രിയായിരിക്കെ ആരോപണം ഉയര്‍ന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ ഭരണസ്വാധീനം ഉപയോഗിച്ച് ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കി യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന ആരോപണം നിലനില്‍ക്കെയുണ്ടായ ജനവിധിയും തുടര്‍ന്നുണ്ടായ ഭരണമാറ്റവും വിജിലന്‍സിന് പുതിയ നേതൃത്വവും വന്നശേഷമാണ് ബാര്‍ കോഴക്കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. വിജിലന്‍സിന് ലഭിച്ച പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് എത്രയുംവേഗം അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സ് തീരുമാനം. മധ്യമേഖലാ എസ് പി. ടി നാരായണനായിരിക്കും അന്വേഷണ ചുമതല.

ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും മദ്യനയം രൂപീകരിച്ചതിലുമെല്ലാം വന്‍ അഴിമതിയുണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടക്കാര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ബാബു വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായും വിജിലന്‍സ് ഡയറക്ടര്‍ക്ക് കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെപ്പോലും ഇടനിലക്കാരനാക്കി ബാബു പല ഇടപാടുകള്‍ നടത്തുകയും അവരെ ഉപയോഗിച്ച് പണം പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിലുണ്ട്. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എക്‌സൈസ് കമ്മിഷണറില്‍ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താന്‍ വേണ്ടിയായിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളില്‍ നിയമിച്ചത് അഴിമതി മൂടിവെക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.

കെ ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ 10 കോടി രൂപ കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിക്കുകയും മജിസ്‌ട്രേറ്റിനുമുന്നില്‍ അദ്ദേഹം രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു. 30 പേജുള്ള രഹസ്യമൊഴിയാണ് മജിസ്‌ട്രേറ്റ് അന്ന് രേഖപ്പെടുത്തിയത്. ചില വീഡിയോ ദൃശ്യങ്ങളും 10 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ശബ്ദരേഖകളും അവ റെക്കോര്‍ഡ് ചെയ്ത ഫോണടക്കം മജിസ്‌ട്രേറ്റിന് കൈമാറിയിരുന്നു. തുടര്‍ന്ന് രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം റെയ്ഞ്ച് എസ്.പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തികച്ചും നാടകീയമായി കെ. ബാബുവിനെ കുറ്റവിമുക്തനാക്കി. ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനാവുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതായുംവന്ന മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാണിച്ച യുഡിഎഫ് സര്‍ക്കാര്‍ ബാബുവിന്റെ കാര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ നിയമോപദേശം തേടിയ സര്‍ക്കാര്‍, ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ നിയമോപദേശം തേടാന്‍ പോലും തയ്യാറാകാതെ റിപ്പോര്‍ട്ട് അവസാനിപ്പിച്ച് കോടതിയില്‍ നല്‍കുകയായിരുന്നു. ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനു വേണ്ടി മന്ത്രി ബാബുവിന് 50 ലക്ഷം രൂപ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. ഇതിന് രാജ്കുമാര്‍ ഉണ്ണിയും തന്റെ മാനേജര്‍ രാധാകൃഷ്ണനും ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുഹമ്മദ് റസീഫും സാക്ഷികളാണെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്.

താന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ബാബു കൊച്ചിയില്‍ പ്രതികരിച്ചു. ബാറുമട വി എം രാധാകൃഷ്ണന്‍ കോഴിക്കോടുള്ള ബാറിന് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നു. അതു കിട്ടിയില്ല. ബാര്‍ലൈസന്‍സ് കിട്ടാത്തതിലുളള പരിഭവമാണ് പരാതിക്ക്്് കാരണമെന്നും കെ ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here